ചരക്ക് കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് രണ്ടു തൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. കപ്പലിന്റെ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, വാച്ച്ടവർ നിരീക്ഷകൻ എന്നിവർക്കെതിരെയാണ് മുനക്കകടവ് കോസ്റ്റൽ പോലീസ് കേസെടുത്തത്..
ഐപിസി 304, 337 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.അലക്ഷ്യമായി കപ്പലോടിച്ചതിനും, ജീവഹാനി വരുത്തിയതിനുമാണ് കേസ്.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സാഗർ യുവരാജ് എന്ന ചരക്ക് കപ്പൽ ചാവക്കാട് ആഴകടലിൽ ഇസ്ലാഹ് എന്ന മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു കയറിയത്.
രണ്ടായി പിളർന്ന ബോട്ടിൽ ഉണ്ടായിരുന്ന ആറ് മത്സ്യ തൊഴിലാളികളിൽ 2 പേർ മരണപ്പെട്ടിരുന്നു. നാലുപേർ രക്ഷപ്പെടുകയും ചെയ്തു.
കപ്പൽ ദിശതെറ്റി വന്നതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. കേസെടുത്ത മൂന്ന് പേരുടെയും പേരുകൾ പോലീസ് പുറത്തുവിട്ടില്ല. ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, വാച്ച്ടവർ നിരീക്ഷകൻ അടക്കം 17 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിൽ നിന്നും ഇലട്രോണിക്ക് സമഗ്രികൾ കയറ്റി, മറ്റു സാമഗ്രികൾ കയറ്റാൻ ബേപ്പൂരിലേക്ക് യാത്ര തിരിച്ചതായിരുന്നു. ഇതിനിടയാണ് അപകടത്തിൽപ്പെട്ടത്.ലക്ഷ്ദ്വീപിലേക്കുള്ള സാധനങ്ങളാണ് കപ്പലിലുണ്ടായിരുന്നത്.