Share this Article
മാങ്കുളം കവിതക്കാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
Forest disturbance is severe in Mankulam Kavitakad area

ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ കവിതക്കാട്  മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷം.കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപക നാശമാണ് വരുത്തുന്നത്. 

മാങ്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡാണ് കവിതക്കാട് മേഖല. പൂർണ്ണമായും കർഷക കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന കാട്ടാന ശല്യം ഈ കുടുംബങ്ങളെ വലക്കുകയാണ്.

കൂട്ടമായി കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്ന സ്ഥിതിയുണ്ട്.കൃഷിയിടങ്ങളിൽ ഇറങ്ങുന്ന ആനകൾ വലിയ തോതിൽ കൃഷി നാശം വരുത്തുന്നു. ഏലവും റബ്ബറും തെങ്ങും കമുകുമെല്ലാം കാട്ടാനകൾ നശിപ്പിച്ചു.നേരം ഇരുളുന്നതോടെ കുടുംബങ്ങൾ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സ്ഥിതിയുണ്ട്.

റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗ് നടത്തുന്ന കർഷകർ പ്രദേശത്തുണ്ട്.ഇവർക്ക് രാവിലെ കാട്ടാനകളെ ഭയന്ന് ടാപ്പിംഗിന് ഇറങ്ങാൻ കഴിയുന്നില്ല. റബർ മരങ്ങൾക്ക് നേരെയും കാട്ടാനകൾ പരാക്രമം നടത്തുന്നുവെന്ന് കർഷകർ പറഞ്ഞു.

കഴിഞ്ഞ കുറെനാളുകളായി കവിതക്കാട്ടിലെ അവസ്ഥ ഇതാണ്.വീടുകൾക്കരികിൽ വരെ കാട്ടാനകൾ എത്തുന്നു. ആളുകൾക്കും വീടു കൾക്കും നേരെ ആനകളുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭയവും പ്രദേശവാസികൾക്കുണ്ട്. ജനവാസ മേഖലക്കരികിലെ വനത്തിൽ നിന്നുമാണ് കാട്ടാനകൾ കൃഷിയിടത്തിലേക്കെത്തുന്നത്.

മുമ്പ് വനാതിർത്തിയിൽ ആനകളെ പ്രതിരോധിക്കാൻ വനം വകുപ്പിൻ്റെ ഫെൻസിംഗ് ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അതില്ലായെന്നുമാണ് പ്രദേശവാസികളുടെ പരാതി. ഫെൻസിംഗ് പുനസ്ഥാപിക്കുകയും കാട്ടാനകളെ ജനവാസ മേഖലയിൽ നിന്ന്  തുരത്തുകയും വേണമെന്നാണ് കവിതക്കാട്ടിലെ കർഷകരുടെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories