അപകടക്കെണിയായി തൃശ്ശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട്ടെ കുന്നിൻ മുകളിലെ കൂറ്റൻ പാറക്കല്ലുകൾ.. കുമ്പളങ്ങാട് മാലിന്യ യാർഡ് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പാറക്കല്ലുകൾ ആണ് പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നത്...
പെരുംമഴയിൽ നാടുമുഴുവൻ മരങ്ങൾ വീണും കുന്നിടിഞ്ഞും അപകടഭീതിയിൽ നിലകൊള്ളുകയാണ്. ഇതിനിടെയാണ് തൃശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട്ടെ കുന്നിൻ മുകളിലെ പാറക്കല്ലുകൾ അപകട ഭീഷണി ഉയർത്തുന്നത്.
കുമ്പളങ്ങാട് മാലിന്യയാർഡിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിരവധി പാറക്കല്ലുകൾ ഏതു സമയവും താഴേക്ക് പതിക്കാം എന്ന അവസ്ഥയിൽ നിലകൊള്ളുന്നത്.
പാർളിക്കാട് വഴി വടക്കാഞ്ചേരി - ചാവക്കാട് സംസ്ഥാനപാതയിലേക്ക് സഞ്ചരിക്കാനുള്ള എളുപ്പമാർഗം കൂടിയായതിനാൽ നിരവധി വാഹനങ്ങൾ ആണ് കുന്നിന് താഴെയുള്ള റോഡിലൂടെ കടന്നു പോകുന്നത്.
താഴെയുള്ള റോഡിന് എതിർവശത്തായി നിരവധി വീടുകളുമുണ്ട്. മഴ ശക്തമായാൽ പാറക്കല്ലുകൾ പാതയിലേക്കും സമീപത്തെ വീടുകൾക്ക് മുകളിലേക്കും പതിക്കുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്.
കുന്നിൻ മുകളിലെ റബർ മരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി വെട്ടി മാറ്റിയതോടെ ഇളകി മാറിയ മണ്ണിനു മുകളിലെ പാറകൾ അപകട ഭീതി സൃഷ്ടിക്കുന്നതായി പരിസ്ഥിതി സംഘടന ജനനിയും ചൂണ്ടിക്കാട്ടുന്നു മേഖലയിലെ ദുരന്ത ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.