ലൈറ്റണച്ചാൽ മനുഷ്യർക്ക് പകരം തൃശ്ശൂർ നഗരത്തിലെ ഒരു ഹോട്ടലിൽ എത്തുന്നത് ആമകളാണ്. സമീപത്തെ ക്ഷേത്രക്കുളത്തിൽ നിന്ന് വരിവരിയായി എത്തുന്ന ആമകൾ ഉപ്പുമാവും വടയും പഴംപൊരിയും കഴിച്ചാണ് മടങ്ങുക..
പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ജവാൻ ഹോട്ടൽ ആണ് സംഭവം. രാത്രി ഏഴരയ്ക്ക് ഹോട്ടൽ അടയ്ക്കും. ലൈറ്റണച്ചാലുടൻ ക്ഷേത്രക്കുളത്തിൽനിന്ന് വരിവരിയായി ആമകളെത്തും. ഹോട്ടലിനു പുറത്ത് നിലത്ത് ഇലയിൽ വെച്ചിരിക്കുന്ന ഉപ്പുമാവും വടയും പഴംപൊരിയും വേണ്ടുവോളം കഴിച്ച് അച്ചടക്കത്തോടെ മടങ്ങും.
നാലഞ്ചു മാസം മുൻപേ സി.സി.ടി.വി. ദൃശ്യത്തിലാണ് രാത്രി ആമകളെത്തുന്നതു ഹോട്ടലുടമ കണ്ടത്. പിറ്റേന്നു മുതൽ ഇലയിൽ ആഹാരം വെച്ചുതുടങ്ങി.അതോടെ ഏഴരയ്ക്കും എട്ടിനുമിടയിൽ ആമക്കൂട്ടം എത്തിത്തുടങ്ങി. ദിവസവും എണ്ണത്തിൽ വ്യത്യാസമുണ്ടാകും. പത്തെണ്ണംവരെ മിക്ക ദിവസവും വരും.
ക്ഷേത്രക്കുളത്തിൽനിന്ന് 50 മീറ്റർ അകലെയാണ് ഹോട്ടൽ. ആദ്യനാളുകളിൽ ആൾക്കാരെയും വെളിച്ചവും ആമകൾക്ക് പേടിയായിരുന്നു. ഇപ്പോഴത് മാറി. ആമകളുടെ വരവും തീറ്റയും കാണാൻ ഇപ്പോൾ നിരവധി പേരാണ് എത്തുന്നത്.