ആലപ്പുഴ കുട്ടനാട്ടിലെ ചമ്പക്കുളം പഞ്ചായത്തില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങൾ. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ.
സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതിയല്ല... പകരം രാത്രിയില്‍ നല്ല നിലാവ് ഉണ്ടെങ്കില്‍ മാത്രമാണ് കുട്ടനാട് ചമ്പക്കുളം ഗ്രാമ പഞ്ചായത്തില്‍ രാത്രി സഞ്ചാരം സാധ്യമാകൂ. രാത്രി കാലങ്ങളില്‍ തെരുവ് നായകളേയും ഇഴജന്തുക്കളേയും ഭയന്നാണ് ജനങ്ങള്‍ ഇതുവഴി യാത്രചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ പഞ്ചായത്തുകളില്‍ ഒന്നായിരുന്നു ചമ്പക്കുളം. എന്നാല്‍ ഇന്ന് പഞ്ചായത്തില്‍ പലയിടത്തും പേരിന് മാത്രമാണ് തെരുവ് വിളക്കുകള്‍ ഉള്ളത്. പലതും പ്രവര്‍ത്തനക്ഷമമല്ല. കുട്ടനാട് എം എല്‍ എ ഓഫീസിന് മുന്നിലും സ്ഥിതി വ്യത്യസ്ഥമല്ല.നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉള്ള സ്ഥലത്താണ് ഈ ദുര്‍ഗതി.
റിപ്പയര്‍ ചെയ്യാന്‍ എന്ന പേരില്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് അഴിച്ചു കൊണ്ടു പോയ ലൈറ്റുകള്‍ ഒന്നും തന്നെ നാളിതുവരെയായിട്ടും തിരികെ സ്ഥാപിച്ചിട്ടില്ല. തെരുവ് വിളക്കുകളുടെ പരിപാലനം കൃത്യമായി നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജോര്‍ജ് മാത്യു പഞ്ഞിമരം പറഞ്ഞു.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി അഴിച്ചുമാറ്റിയ തെരുവുവിളക്കുകള്‍ എവിടെയാണെന്ന് പോലും അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രവര്‍ത്തിക്കുന്ന പല തെരുവുവിളക്കുകളും രാത്രിയോ പകലോ എന്നില്ലാതെ പ്രകാശിക്കുന്നുമുണ്ട്. ചമ്പക്കുളം പഞ്ചായത്ത് ആകെ ഇരുട്ടിലാക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ആവശ്യം