Share this Article
ചെങ്ങന്നൂരില്‍ കാടുമൂടി BSNL കെട്ടിട പരിസരം; നടപടിയെടുക്കാതെ അധികൃതര്‍
Forested BSNL building

ആലപ്പുഴ ചെങ്ങന്നൂരില്‍ ബിഎസ്എന്‍എല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട പരിസരം കാടുമൂടിയ നിലയില്‍. നിരവധി തവണ ഉപഭോക്താക്കള്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

ടെലിഫോണ്‍ എക്സ്ചേഞ്ച്, ഉപഭോക്തൃസേവനകേന്ദ്രം, ജിഎസ്ടി കേന്ദ്ര ഓഫീസ് എന്നീ മൂന്ന് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും പരിസരവും കൂടി അരയേക്കറിലധികം ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഉപഭോക്തൃസേവനകേന്ദ്രത്തിന് പിന്‍വശത്താണ് ഭയാനകമായ രീതിയില്‍ കാടുമൂടി കിടക്കുന്നഅവസ്ഥയുള്ളത്.

പത്തോളം ജീവനക്കാര്‍ ഭയത്തോടെയാണ് ഇവിടെ ജോലി ചെയ്യാന്‍ എത്തുന്നത്. കെട്ടിട പരിസരം കാട് വെട്ടി വൃത്തിയാക്കിയത് നാലുമാസങ്ങള്‍ക്ക് മുമ്പാണ്. മഴയുടെ പശ്ചാത്തലത്തില്‍ വീണ്ടും കാട് കയറുകയായിരുന്നു. ഏജന്‍സി വഴിയാണ് കെട്ടിടവും പരിസരവും ബിഎസ്എന്‍എല്‍ അധികൃതര്‍ വൃത്തിയാക്കാറുള്ളത്.

ജില്ലാ ഓഫീസില്‍ നിന്നാണ് ഇതിനായി നടപടികള്‍ സ്വീകരിക്കുന്നത്. വൃത്തിയാക്കാന്‍ കോമ്പൗണ്ട് അപ്കീപ്പിംഗ് ടെന്‍ണ്ടര്‍ വിളിക്കുകയാണ് പതിവ്. പഴയ ഏജന്‍സി മാറി പുതിയ ഏജന്‍സി ടെന്‍ണ്ടര്‍ എടുത്തെങ്കിലും ചില സാങ്കേതികപ്രശ്നങ്ങള്‍ പറഞ്ഞ് കാടുവൃത്തിയാക്കല്‍ ഒഴിവാക്കിയെന്നാണ് സൂചന. ഇഴജന്തുക്കളുടെ സാന്നിധ്യം ഇവിടെ ഉണ്ടെന്നും എത്രയും വേഗം കാടുവെട്ടിതെളിച്ച് ഭീതിരഹിതമാക്കണമെന്നുമാണ് ഓഫീസിലെത്തുന്ന ഉപഭോക്താക്കളുടെ ആവശ്യം. 

ബിഎസ്എന്‍എല്‍ ഓഫീസിലെ കാടുപിടിച്ച സാഹചര്യം നാട്ടുകാര്‍ക്കെല്ലാം ഭയമുണ്ടാക്കുന്നതാണ്. ബിഎസ്എന്‍എല്‍ ടവറും ജീര്‍ണിച്ച് അപകടാവസ്ഥയിലാണ്. ഇഴജന്തുക്കളുടെ ശല്യം വര്‍ധിപ്പിക്കാതെ അടിയന്തരമായി ബിഎസ്എന്‍എല്‍ അധികൃതര്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories