Share this Article
image
ദുരിതങ്ങൾ അകലാനും രോഗം മാറാനും മന്ത്രവാദം; സി.സി ടിവി ചതിച്ചു; ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
വെബ് ടീം
posted on 09-10-2024
1 min read
RAFI ARRESTED

ഇരിങ്ങാലക്കുട: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ  പ്രതി പിടിയിൽ. ചേർപ്പ് കോടന്നൂർ സ്വദേശി  ചിറയത്ത് വീട്ടിൽ റാഫിയെ(51 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റു ചെയ്തു.  ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽ  നിന്ന് മാത്രം മൂന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.

രോഗബാധിതരെ കണ്ടെത്തി വീടിൻ്റെയും വസ്തുവിൻ്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാൾ പിന്നീട് ഉടമകൾ അറിയാതെ അവരുടെ  വീട്ടു പറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ കുഴിച്ചിടും. പിന്നീട് ഇയാൾ തന്നെ തൻ്റെ ദിവ്യദൃഷ്ടിയിൽ ഇവ കണ്ടെത്തും. 

ഇവ ശത്രുക്കൾ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. ബിസിനസ്സ് തകരുമെന്നും മാരക അസുഖങ്ങൾക്കും കാരണമെന്നും ഏലസുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർത്ഥനകൾ വേണമെന്നു പറഞ്ഞ് ബൈബിൾ വചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് രംഗങ്ങൾ ഒരുക്കുന്നത്. പ്രവാസിയുടെ സുഹൃത്തിൻ്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് സുഹൃത്തിൻ്റെ വീടിൻ്റെ പിൻഭാഗത്ത് കുഴിയെടുത്ത് ആറോളം ഏലസുകൾ പുറത്തെടുത്തു. എന്നാൽ ഇവർ പോയശേഷം ഇവിടത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ റാഫിയുടെ സഹായി പോക്കറ്റിൽ നിന്ന് ഏലസുകൾ കുഴിയിലിട്ടു മൂടുന്നതു കണ്ടതോടെ കള്ളി വെളിച്ചത്തായി.

പരാതി വന്നതോടെ കേസ്സെടുത്ത പോലീസ് വ്യാജ സിദ്ധനെ തന്ത്രത്തിൽ പൊക്കി. ചോദ്യം ചെയ്യലിൻ തൻ്റെ സിദ്ധികളെല്ലാം റാഫി തുറന്നു പറഞ്ഞു. അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി ഹാജരാക്കി.

റാഫിയുടെ ഇരകള്‍ പ്രവാസി ബിസിനസുകാര്‍

ക്രൈസ്തവരായ പ്രവാസി ബിസിനസുകാരാണ് പ്രധാനമായും റാഫിയുടെ ഇരകളാകുന്നത്. ശത്രുക്കള്‍ ഏലസുകളും തകിടുകളും മറ്റും പറമ്പുകളിലും വീടിനുള്ളിലും കുഴിച്ചിട്ടിട്ടുണ്ടെന്നും, ഇതു മൂലം ബിസിനസ് തകരുമെന്നും മറ്റും വിശ്വസിപ്പിക്കുകയും, ഇവയെല്ലാം പുറത്തെടുത്ത് ഐശ്വര്യം വീണ്ടെടുക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇത്തരത്തിലുള്ള തകിടുകളും ഏലസുകളും മറ്റും പുറത്തെടുത്ത് നശിപ്പിക്കുന്നതിന് പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നും, ബൈബിള്‍ വചനങ്ങള്‍ വായിച്ച്, പ്രത്യേക വലുപ്പത്തിലുള്ള കൊന്ത ഉപയോഗിച്ച്, കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും മറ്റും ഒരുക്കിയാണ് ഏലസും തകിടുമൊക്കെ കുഴിയില്‍ നിന്നും എടുക്കുന്നതെന്ന് റാഫി വിശ്വസിപ്പിച്ചിരുന്നു. വെഞ്ചിരിച്ച വെള്ളം പള്ളികളില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ ഇയാള്‍ തന്നെ കൊണ്ടുവരികയും ചെയ്യും. എല്ലായിടത്തും കുഴിക്കുന്നതിന് വന്നിരുന്നത് ക്വാട്ടര്‍ ഉണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന റാഫിയുടെ വിശ്വസ്തനായ സുഹൃത്ത് ഉണ്ണിയാണ്. ഓരോ സ്ഥലത്തുനിന്നും എടുക്കുന്ന തകിടുകളുടേയും ഏലസുകളുടേയും നാഗരൂപങ്ങളുടേയും മറ്റും എണ്ണത്തിനനുസരിച്ചാണ് സംഖ്യ ഈടാക്കിയിരുന്നത്. ഒന്നിന് എണ്ണായിരം രൂപ നിരക്കിലാണ് കുഴിച്ചെടുത്തിരുന്നത്.ഇരിങ്ങാലക്കുട സ്വദേശി പ്രവാസിയുടെ പറമ്പുകളില്‍ നിന്നും പത്തും പതിമൂന്നും എണ്ണം വീതമാണ് എടുത്തിരുന്നത്. കുഴിച്ചെടുക്കുന്ന തകിടുകളും ഏലസുകളും മറ്റും ഷെര്‍ണ്ണൂരുള്ള പ്രത്യേക സ്ഥലത്ത് കൊണ്ട്‌പോയി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും റാഫി വിശ്വസിപ്പിച്ചിരുന്നു. അതിരാവിലെ എത്തിചേരുന്ന റാഫിയും കൂട്ടാളിയും ഒരു മണിക്കുറിനുള്ളില്‍ പണികളെല്ലാം ചെയ്ത് തിരിച്ചുപോകുകയാണ് പതിവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories