വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പൊറുതിമുട്ടി ശാസ്താംകോട്ടയിലെ ജനങ്ങള്‍. ദിവസങ്ങളായി വാട്ടര്‍ ഓവര്‍ ഹെഡ് ടാങ്കില്‍ നിന്നും ജനങ്ങളിലേക്കെത്തുന്നത് മലിന ജലം. ശാസ്താംകോട്ട വാട്ടര്‍ അതോറിറ്റി ഭരണിക്കാവ് കടപുഴ റോഡില്‍ സ്ഥാപിച്ച 5 ലക്ഷം ലിറ്റര്‍ സംഭ രണശേഷിയുള്ള വാട്ടര്‍ ടാങ്കിലെ ജലമാണ് മലിനമായത്.
കടപുഴലൈന്‍, ഭരണിക്കാവ്, മനക്കര ലൈന്‍ എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നും കുടിവെള്ളം വിതരണം ചെയ്യുന്നത്. 25 മീറ്ററില്‍ അധികം ഉയരമുള്ള ഈ ടാങ്കില്‍ നിന്നും കുറച്ചു ദിവസങ്ങളായി പൈപ്പ് വഴി എത്തുന്ന ജലത്തില്‍ മാലിന്യങ്ങളും, ദുര്‍ഗന്ധവും, നിറവ്യത്യാസവും ഉള്ളതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ടാങ്ക് വൃത്തിയാക്കുമ്പോള്‍ പരിഹരിക്കപ്പെടും എന്ന മറുപടിയാണ് ലഭിച്ചത്. കായല്‍ കൂട്ടായ്മ കണ്‍വീനറും മുന്‍ പഞ്ചായത്ത് അംഗവുമായ എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ഹലിക്യാം ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ ടാങ്കിന്റെ മുകള്‍ഭാഗത്തെ സിമന്റ്‌കൊണ്ട് നിര്‍മ്മിച്ചിരുന്ന മൂടി മുഴുവന്‍ അടര്‍ന്നുപോയതായും ടാങ്കില്‍ മാലിന്യങ്ങളും, ജലത്തിന് നിറവ്യത്യാസവുമുള്ളതായി കണ്ടെത്തി.
തുറന്നുകിടക്കുന്ന ടാങ്കില്‍ പക്ഷികള്‍ ഭക്ഷണാവശിഷ്ടങ്ങളും, മാലിന്യങ്ങളും കൊണ്ടിടുന്നതും കാഷ്ഠിക്കുന്നതും ടാങ്കിലെ ജലത്തെ മലിനമാക്കുന്നു. ജലജന്ന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തണമെന്നും തകര്‍ന്നിരിക്കുന്ന ടാങ്കിന്റെ മുകള്‍ഭാഗം അടിയന്തരമായി പുനര്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് ജല വിഭവ വകുപ്പ് മന്ത്രി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.