സുല്‍ത്താന്‍ ബത്തേരി:വയനാട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയിലെ അശ്രദ്ധമൂലം യുവാവിന്റെ വൃഷണം നഷ്ടമായെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് അന്വേഷണം. വയനാട് ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതി അന്വേഷിക്കുക. വയനാട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് ആരോപിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ വയനാട് തോണിച്ചാല്‍ സ്വദേശി ഗിരീഷാണ് പരാതി നല്‍കിയത്.
വയനാട് മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജനെതിരെയാണ് ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായയാള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. ഹെര്‍ണിയ ശസ്ത്രക്രിയ പിഴവ് വൃഷണത്തെ ബാധിച്ചെന്നും, വൃഷണം നീക്കം ചെയ്യേണ്ടി വന്നെന്നുമാണ് പരാതി. ശസ്ത്രക്രിയ പിഴവ് മറച്ചുവെക്കാന്‍ ആശുപത്രിയിലെ ചികിത്സയുടെ ഭാഗമായ കേസ് റെക്കോര്‍ഡില്‍ കൃത്രിമം കാണിച്ചു എന്നുമാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ കൂടിയായ ഗിരീഷിന്റെ പരാതി.
ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, കൃത്യമായ ചികിത്സ നല്‍കിയിരുന്നതായും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണു ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ വിശദീകരണം.