ഇടുക്കി തൊടുപുഴ കാരിക്കോട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പ്രതികൾ പൊലീസിനെ മർദ്ദിച്ചത്.പ്രതികൾക്കെതിരെ ആശുപത്രിയിൽ അതിക്രമിച്ചു കയറിയതിനും, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
കഴിഞ്ഞ ദിവസം തൊടുപുഴ കാരിക്കോട് ജില്ല ആശുപത്രിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയ്ക്കെത്തിയ തൊടുപുഴ സ്വദേശികളായ അഭിജിത്ത് അജി ,അമൽ ലാൽ, അഭിജിത്ത് ശ്രീനിവാസൻ, അജിത്ത് അജി, എന്നീ നാല് യുവാക്കളാണ് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചത്. മദ്യ ലഹരിയിലായിരുന്ന യുവാക്കൾ ആശുപത്രി ജീവനക്കാരുമായി വക്കേറ്റമുണ്ടായി. എയ്ഡ് പോസ്റ്റിലുണ്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ എത്തി യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങാതെ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
യുവാക്കളുടെ മർദ്ദനത്തിൽ തൊടുപുഴ പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഷാജിത്തിന് മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൺട്രോൾ റൂം എസ് ഐ ക്കും പരിക്കേറ്റു.മദ്യ ലഹരിയിൽ ആയിരുന്ന യുവാക്കൾ ആശുപത്രിയിലെ ഡോക്ടർമാരെയും അസഭ്യം പറയുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. പ്രതികൾക്കെതിരെ ആശുപത്രിയിൽ അതിക്രമിച്ചു കയറിയതിനും, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് റിമാൻഡ് ചെയ്തു.