വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍. നാലുകോടി രൂപ അടിയന്തര ധനസഹായമായി അനുവദിക്കും. തുക അനുവദിക്കുന്നതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
അതേ സമയം ദുരന്തമുഖത്ത് പകച്ച് നില്‍ക്കുന്ന വയനാട്ടിലേക്ക് സഹായപ്രവാഹം.
സിപിഐഎം എംഎൽഎമാർ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.
കോണ്‍ഗ്രസ് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കര്‍ണാടക സര്‍ക്കാര്‍ 100 വീടുകളും നാഷനല്‍ സര്‍വീസ് സ്കീം 150 വീടുകളും ശോഭ റിയല്‍ട്ടേഴ്സ് 50 വീട്, കോഴിക്കോട് ബിസിനസ് ക്ലബ്– 50 വീട്, ലോക മലയാളി ക്ലബ് 14, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല 10 വീട് എന്നിങ്ങനെയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ തിരച്ചില്‍ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. ചാലിയാറില്‍ നിന്ന് ഇന്ന് എട്ടും ചൂരല്‍മലയില്‍ നിന്ന് രണ്ടും മൃതദേഹം കണ്ടെത്തി. ഇതുവരെ മരണം 349 ആയി. ഇരുന്നൂറ്റിയന്‍പതിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ആറുമേഖലകളിലായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണ് പരിശോധന. മുണ്ടക്കൈയില്‍ തിരച്ചിലിന് ഹെലികോപ്റ്ററെെത്തി. റഡാറുകളുമായി വിമാനം വൈകിട്ട് ആറരയോടെ കോഴിക്കോട് എത്തും. ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നിന്ന് സാങ്കേതിക വിദഗ്ധരും എത്തിച്ചേരും.