വില്പനക്കായി എം.ഡി.എം.എ യും കഞ്ചാവുമായി ബൈക്കിൽ പോയിരുന്ന രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കണ്ടശ്ശാംകടവ് കാരമുക്കിൽ വാടകക്ക് താമസിക്കുന്ന വെളുത്തൂർ സ്വദേശി 20 വയസ്സുള്ള വിഷ്ണുസാജൻ, കണ്ടശ്ശാംകടവ് പടിയം സ്വദേശി വി.എസ്. വിഷ്ണു എന്നിവരെയാണ് എസ്.ഐ. അരിസ്‌റ്റോട്ടിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്ന് കഴിഞ്ഞ ദിവസം തൊയക്കാവിൽ നടത്ത ക്ഷേത്ര മോഷണവും ഇവരാണ് നടത്തിയതെന്ന് കണ്ടെത്തി.
വെള്ളിയാഴ്ച രാത്രി കണ്ടശ്ശാംകടവ് ബോട്ട്ജെട്ടിക്ക് സമീപത്തെ പാർക്കിൽ നിന്നാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. പാൻ്റിലും ഷർട്ടിനുള്ളിലുമായി ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എം.ഡി.എം.എ യും 13.75 ഗ്രാം കഞ്ചാവും യുവാക്കളിൽ നിന്ന് കണ്ടെത്തി. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടികൂടിയ വാഹനത്തിന്റെ നമ്പർ പരിശോധിച്ചുള്ള അന്വേഷണത്തിൽ ഇവർ കഴിഞ്ഞ ദിവസം പട്ടാപ്പകൽ തൊയക്കാവിൽ നടത്തിയ ക്ഷേത്ര കവർച്ചയിലേയും ചുരുളഴിഞ്ഞു. കാളിയേക്കലിലെ വേലിയത്ത് രുദ്രമാല ഭദ്രകാളി ക്ഷേത്രത്തിൽ ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ മാലയും താലികളും കവർന്നത് ഇവരാണെന്ന് കണ്ടെത്തി.
പാവറട്ടി പൊലിസ് സി.സി.ടി.വി. കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് അന്തിക്കാട് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. എസ്.ഐ. ജോസി, എ. എസ്.ഐ. ചഞ്ചൽ, സി.പി.ഒമാരായ സനിൽകുമാർ കൃഷ്ണകുമാർ എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.