പയ്യന്നൂരിന്റെ കഥകളിപ്പെരുമയ്ക്ക് സര്‍ക്കാര്‍ അംഗീകാരം. ഈ വര്‍ഷത്തെ കേരള സംസ്ഥാന ക്ഷേത്ര കലാ അക്കാദമി ഗുരുപൂജ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പയ്യന്നൂരിലെ കഥകളിയാചാര്യന്‍ പി കെ കൃഷ്ണന്‍.
കലാകാരന്മാരുടെ ഈറ്റില്ലമായ പയ്യന്നൂരിന്റെ പെരുമയിലേക്ക് മറ്റൊരു പൊന്‍ തൂവല്‍ കൂടി. ഈ വര്‍ഷത്തെ സംസ്ഥാന ക്ഷേത്ര കലാ അക്കാദമി ഗുരുപൂജ അവാര്‍ഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറുകയാണ് കഥകളിയാചാര്യന്‍ പി കെ കൃഷ്ണന്‍.
പി വി കുഞ്ഞിക്കണ്ണ മാരാറുടെ ശിക്ഷണത്തില്‍ മുഖത്തെഴുതി, ആടയാഭരണങ്ങളണിഞ്ഞ്, ഉടുത്ത് കെട്ടിയ ബാല്യകാലമായിരുന്നു ഇദ്ദേഹത്തിന്റേത്. പയ്യന്നൂര്‍ കലോദയ കളരി സംഘത്തില്‍ അഭ്യാസം പൂര്‍ത്തിയാക്കി അരങ്ങേറ്റം കുറിച്ചത് പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമിയുടെ തിരുനടയില്‍. അന്ന് തൊട്ട് ഇന്നീ 78 ആ മത്തെ വയസിലും തനിമ ചോരാതെ കഥകളിയെന്ന കലയെ നെഞ്ചോട് ചേര്‍ക്കുകയാണ് ഈ അനുഗ്രഹീത കലാകാരന്‍.
കേരളത്തിലും, പുറത്തുമായി നിരവധി വേദികളില്‍ വ്യക്തിമുദ്ര പതിപിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു.പ്രധാനമായും സ്ത്രീ വേഷങ്ങളാണ് അരങ്ങില്‍ അവതരിപ്പിച്ചത്. കഥകളിക്ക് പുറമെ കളരിപ്പയറ്റ്, കോല്‍ക്കളി, പരിചമുട്ട് എന്നീ മേഖലകളിലും സജീവ സാന്നിദ്ധ്യമായിരുന്നു.
ഇതിനോടകം തന്നെ നിരവധി ബഹുമതികള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അവാര്‍ഡ്, പയ്യന്നൂര്‍ ഗ്രാമം പ്രതിഭ പുരസ്‌കാരം തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.