Share this Article
image
കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും; തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം
Counselors push and shove each other; Opposition noise in Thodupuzha municipal council meeting

നഗരസഭ ചെയര്‍മാന്‍ കൈക്കൂലി കേസില്‍ പ്രതിയായ ശേഷം ആദ്യമായി ചേര്‍ന്ന ഇടുക്കി  തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം.വൈസ് ചെയര്‍മാന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഇടയ്ക്ക് നിര്‍ത്തി വച്ച ശേഷം വീണ്ടും ചേര്‍ന്നെങ്കിലും അജണ്ട പോലും ചര്‍ച്ചക്കെടുക്കാനാവാതെ പിരിച്ച് വിട്ടു. പ്രതിഷേധത്തിനിടെ എല്‍.ഡി.എഫ് - യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

നഗരസഭാ കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തി. ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍.ഡി.എഫ് തന്നെ പുറത്താക്കണമെന്നായിരുന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ആവശ്യം.

നഗരസഭ അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന വൈസ് ചെയര്‍പേഴണ്‍ നടപടികളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ അജണ്ട പിടിച്ച് വാങ്ങി കീറിയെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധം വൈസ് ചെയര്‍പേഴണ് നേരെ തിരിഞ്ഞതോടെ സംരക്ഷണവുമായി എല്‍.ഡി.എഫ് അംഗങ്ങള്‍ രംഗത്തെത്തി. ഇതിനിടെ എല്‍.ഡി.എഫ് - യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

സനീഷ് ജോര്‍ജ്ജിനെ ചെയര്‍മാനാക്കിയത് എല്‍.ഡി.എഫാണെന്നും അഴിമതി കേസില്‍ പ്രതിയായ ചെയര്‍മാനെ പുറത്താക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം എല്‍.ഡി.എഫിനുണ്ടെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ചെയര്‍മാന്‍ രാജിവക്കണമെന്നാണ് നിലപാട് എന്ന് എൽ ഡി എഫ് വ്യക്തമാക്കി. യു.ഡി.എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ബി.ജെ.പി തയ്യാറാണ്. എന്നാല്‍ എട്ട് അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ ബി.ജെ.പിയുടെ അവിശ്വാസം പാസാകില്ല. ചെയര്‍മാനെ പുറത്താക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യു.ഡി.എഫ് തങ്ങളുടെ അവിശ്വാസത്തെ പിന്തുണക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.

 ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് യോഗത്തിനെത്തിയിരുന്നില്ല.രണ്ടാഴ്ചത്തേക്കുള്ള ചെയര്‍മാന്റെ അവധി മറ്റന്നാള്‍ വരെയാണ്. ഇതവസാനിക്കുമ്പോള്‍ ചെയര്‍മാന്‍ നഗരസഭയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സനീഷ് ജോര്‍ജ്ജ് രാജി വക്കും വരെ പ്രതിഷേധം തുടരുമെന്നാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടേയും പ്രഖ്യാപനം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories