ആലപ്പുഴ അമ്പലപ്പുഴയില്‍ വിതക്കാന്‍ കൃഷി ഭവനില്‍ നിന്ന് നല്‍കിയ നെല്‍ വിത്തുകള്‍ മുളച്ചില്ലന്ന് പരാതി. ഇത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിച്ചെന്നും കര്‍ഷകര്‍. കൃഷി ഭവനില്‍ നിന്ന് നല്‍കിയ വിത്തിലാണ് ചെള്ളും പൊടിയും പാറ്റയും കണ്ടത്. സര്‍ക്കാര്‍ നല്‍കിയ വിത്ത് മുളക്കാതായതോടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് വിത്ത് വാങ്ങേണ്ടി വന്നു. ഇതോടെ കര്‍ഷകര്‍ക്ക് പതിനായിരങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
തകഴി കൃഷി ഭവനു കീഴിലെ വേഴപ്രം കിഴക്ക് പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് വിതക്കാനായി ഉമ വിത്ത് നല്‍കിയിരുന്നു. 50 ഏക്കറുള്ള ഇവിടെ കൂടുതലും പാട്ടക്കൃഷിക്കാരാണ്. കഴിഞ്ഞ ദിവസം വിതക്കാനായെടുത്തപ്പോഴാണ് വിത്ത് മുളച്ചിട്ടില്ലെന്നറിയുന്നത്. ഒരേക്കറിന് 40 കിലോ വിത്താണ് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഇത് തികയാതെ വരുന്നതിനാല്‍ 10 കിലോ കൂടി വിത്ത് വിലക്ക് വാങ്ങിയാണ് സാധാരണ കൃഷി ചെയ്യുന്നത്. ഇത്തവണ എല്ലാ കര്‍ഷകര്‍ക്കും മുളക്കാത്ത വിത്താണ് ലഭിച്ചത്. 6 ഏക്കറുള്ള പാട്ടകൃഷിക്കാരനായ സാന്റോ ജോസഫിന് 13 ചാക്ക് വിത്താണ് ലഭിച്ചത്.ഇതില്‍ 10 ചാക്കുകളിലെയും വിത്ത് ഉപയോഗശൂന്യമാണ്. ഇതിനെത്തുടര്‍ന്ന് കിലോക്ക് 43 രൂപ നിരക്കില്‍ കര്‍ഷകര്‍ മറ്റ് സ്വകാര്യ വ്യക്തികളില്‍ നിന്ന് വിത്ത് വിലക്ക് വാങ്ങുകയായിരുന്നു.