Share this Article
image
പൊന്നാനി നഗരസഭയില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം;പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
employees in Ponnani Municipal Corporation

മലപ്പുറം പൊന്നാനി നഗരസഭയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം.

വിവിധ സെക്ഷനുകളിലായി 12 പേരാണ് സ്ഥലം മാറിപ്പോയത്. പകരം ജീവനക്കാരില്ലാത്തതിനാല്‍ നഗരസഭയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ അവതളാത്തിലായി.

എഞ്ചിനീയറിങ് വിഭാഗത്തില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ക്കും, നാല് ഓവര്‍സീയര്‍മാരില്‍ മൂന്ന് പേരുമാണ് സ്ഥലം മാറി പോയത്. ആകെ ഏഴ് പേരുള്ള സീനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ രണ്ട് പേരൊഴികെ മറ്റെല്ലാവരും സ്ഥലം മാറി പോയി.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഒന്നില്‍ ആകെ രണ്ട് പേരാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് സ്ഥലം മാറ്റമാണ്. മറ്റൊരു ജീവനക്കാരന്‍ അവധിയിലാണ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ടില്‍ നാല് ജീവനക്കാരുടെയും തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

സൂപ്രണ്ട്,റവന്യൂ, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും സ്ഥലം മാറിപ്പോയതോടെ  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ അവസ്ഥയിലാണ്. ആവശ്യത്തിന് സ്ഥിരം ജീവനക്കാരില്ലാത്തതിനാല്‍ താല്ക്കാലിക ജീവനക്കാരെ നിയമിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ജനസംഖ്യ കൂടിയ നഗരസഭയാണ്  പൊന്നാനി. അതിനാല്‍ തന്നെ നഗരസഭാ കാര്യാലയത്തിലെ പ്രവര്‍ത്തനം സുഗമമായി നടക്കണമെങ്കില്‍ ജീവനക്കാരുടെ വര്‍ധനവ് അനിവാര്യമാണ്.

ഇത്തരത്തില്‍സ്റ്റാഫ്പാറ്റേണ്‍ ഉയര്‍ത്തുമ്പോള്‍ സര്‍ക്കാറിന് കനത്ത സാമ്പത്തിക ബാധ്യതയാവുമെന്നതിനാലാണ്സ്റ്റാഫ്പാറ്റേണില്‍ മാറ്റം വരുത്താത്തത്. നിലവിലുള്ള പാറ്റേണ്‍ അനുസരിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചാല്‍ഒരു പരിധി വരെ കാര്യങ്ങള്‍ സുഗമമായി നടക്കും.

ജീവനക്കാരുടെ കുറവ് മൂലം നിലവിലെ ജീവനക്കാര്‍ക്ക് അധികഭാരമാണ്. ജീവനക്കാര്‍ അധികമുള്ള നഗരസഭകളില്‍ നിന്ന് ജീവനക്കാരെ പൊന്നാനിയില്‍ നിയമിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും സര്‍ക്കാറില്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തതാണ് പൊന്നാനിയുടെ ദുരവസ്ഥക്കിടയാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories