ഉപതെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന വയനാട് പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമോ എന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാംപ്. കഴിഞ്ഞ തവണത്തേക്കാൾ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന് എൽഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വോട്ട് വിഹിതം കുറയില്ലെന്നാണ് ബി ജെ പി നേതൃത്വത്തിൻ്റെ കണക്കു കൂട്ടൽ.
അഞ്ച് ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം സ്വപ്നം കണ്ട യുഡിഎഫ് യാഥാർത്ഥ്യത്തിൻ്റെ ചുരം ഇറങ്ങി കഴിഞ്ഞു. വോട്ടിംഗ് ശതമാനത്തിലുണ്ടായ ഗണ്യമായ കുറവ് തന്നെയാണ് പ്രധാന കാരണം. ഇത്തവണ മണ്ഡലത്തിൽ പോൾ ചെയ്തത് 9,52,543 വോട്ടാണ്. പൊതു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ട് കുറവ്.
ഏപ്രിലിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി 59.69 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ ഭൂരിപക്ഷം മൂന്ന് ലക്ഷത്തി അറുപതിനായിരമാണ്. ആനി രാജയ്ക്ക് 26.09, കെ.സുരേന്ദ്രന് 13.00 ശതമാനം എന്നിങ്ങനെയും വോട്ട് വിഹിതം ലഭിച്ചു. ഈ രീതി ആവർത്തിച്ചാൽ തന്നെ പ്രിയങ്കയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിനപ്പുറം എത്തി നിൽക്കില്ല.
2019 ൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് ജയിച്ച് കയറിയത് നാലു ലക്ഷത്തി മുപ്പത്തി ഒന്നായിരം വോട്ടിനാണ്. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 64.94 ശതമാനവും രാഹുലിനായിരുന്നു. ഇടതു മുന്നണിക്ക് കിട്ടിയത് 25.24 ശതമാനം. എൻഡിഎ 7.25 ശതമാനത്തിലൊതുങ്ങി.
ഇത്തവണ വയനാട്ടുകാർ വിരലിൽ മഷി പുരട്ടാൻ പൊതുവെ വിമുഖത കാണിച്ചു . പല കാരണങ്ങളുണ്ട്. ഒരു ദുരന്തത്തിൽ നിന്ന് നാട് മുക്തമായിട്ടില്ല. അടിച്ചേൽപ്പിക്കപ്പെട്ട തെരഞ്ഞടുപ്പ് എന്ന പ്രതീതിയുണ്ടായി. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിലധികമെന്ന പ്രചാരണം യുഡിഎഫ് അണികളിലും ഒരു മന്ദത സൃഷ്ടിച്ചു.
തങ്ങൾ വോട്ട് ചെയ്യാൻ എത്തിയില്ലെങ്കിലും വൻ ഭൂരിപക്ഷത്തിന് സ്ഥാനാർത്ഥി ജയിക്കുമെന്ന തോന്നൽ അവരെ ബൂത്തിലെത്തുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. എൽഡിഫ് എൻഡിഎ ക്യാംപുകളും ബൂത്തിലേക്ക് ആളെയെത്തിക്കാൻ അമിതോത്സാഹം കാണിച്ചില്ല. മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ഒന്നും തന്നെ ചർച്ചയായില്ല.
മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തതിലെ ഒച്ചപ്പാടുകൾ ഒഴിച്ചു നിർത്തിയാൽ രാഷ്ട്രീയ വിവാദങ്ങളും ഒഴിഞ്ഞു നിന്നു. യാത്രാ ദുരിതം, വന്യമൃഗ ശല്യം, കാർഷിക വിളകളുടെ വില തകർച്ച , ആരോഗ്യ രംഗത്തെ അപര്യാപ്തത, ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും അതൊന്നും തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിച്ചില്ല.
പ്രിയങ്കാ ഗാന്ധി ഉയർത്തിയ വൈകാരിക പരിസരത്ത് തന്നെ യുഡിഎഫ് ക്യാംപ് ചുറ്റിപറ്റി നിന്നു. എൽഡിഎഫാകട്ടെ രാഹുൽ ഗാന്ധി മണ്ഡലം ഉപേക്ഷിച്ചു പോയെന്ന വിലാപത്തിലുമായിരുന്നു. ഏത് സാഹചര്യത്തിലും പ്രിയങ്കക്ക് നാല് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം യുഡിഎഫ് ഉറപ്പിക്കുന്നു. സത്യൻ മൊകേരി 2014 ലെ പ്രകടനം ആവർത്തിച്ചാൽ എൽഎഫിനും നേട്ടമാകും.
മൂന്ന് ലക്ഷത്തിന് മുകളിൽ വോട്ട് നേടിയ ആ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തോളം വോട്ടിനാണ് എം. ഐ ഷാനവാസിനോട് സത്യൻ മൊകേരി തോറ്റത്. ഒരു കാരണവശാലും 2019 ൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം പ്രിയങ്കക്കുണ്ടാകില്ലെന്നും ഇടതു മുന്നണി ഉറപ്പിക്കുന്നു.
കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ നേടിയ ഒരു ലക്ഷത്തി നാൽപതിനായിരത്തിൽ നിന്നും വോട്ടു കണക്ക് ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ഒരു ലക്ഷത്തിൽ കുറയാത്ത വോട്ടു വിഹിതം നേടിയാൽ പിടിച്ചു നിൽക്കാമെന്നാണ് ബി ജെ പി നേതൃത്വത്തിൻ്റെ ആത്മവിശ്വാസം.
2009 ൽ മണ്ഡലം രൂപം കൊണ്ടതിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥികളെ മാത്രമേ വയനാട് ലോക്സഭയിലേക്ക് അയച്ചിട്ടുള്ളൂ. കോൺഗ്രസിലെ എം.ഐ ഷാനവാസായിരുന്നു ആദ്യ വിജയി. ഒന്നര ലക്ഷത്തോളം വോട്ടായിരുന്നു ഭൂരിപക്ഷം. 2014 ൽ ഇപ്പോഴത്തെ ഇടതു മുന്നണി സത്യൻ മൊകേരി ഷാനവാസിനെ വിറപ്പിച്ചു.
ഭൂരിപക്ഷം ഇരുപതിനായിരത്തിൽ ഒതുങ്ങി. 2019ൽ രാഹുൽ ഗാന്ധിയുടെ വരവോടെ വയനാട് വി ഐ പി മണ്ഡലമായി ദേശീയ തലത്തിൽ ശ്രദ്ധ നേടി. 2024 ൽ വയനാടിനൊപ്പം ജയിച്ചു കയറിയ റായ്ബറേലി രാഹുൽ ഗാന്ധി നിലനിർത്തിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
എന്തായാലും കൂട്ടലിനും കിഴിക്കലിനുമൊന്നും ഇനി അധിക സമയമില്ല. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ജനവിധി തെളിയുമ്പോൾ വയനാടൻ മണ്ണിൽ ആരുടെ കണക്കു കൂട്ടൽ കൃത്യമാകുമെന്ന് കാത്തിരുന്ന് കാണാം.