ആലപ്പുഴ ചെങ്ങന്നൂരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി വീടെന്ന സ്വപ്നവുമായി കഴിയുന്ന ഒരു കുടുംബമുണ്ട്. ലൈഫ് ലൈന്‍ പദ്ധതി വഴി വീടിന് അപേക്ഷിച്ചെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല മറുപടിയില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.
യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ മരക്കുറ്റികളും തടിയും കുത്തിയുണ്ടാക്കിയ ഭാഗത്തിന് ടാര്‍പ്പാളിനും പ്ലാസ്റ്റിക്ക് ഷീറ്റും കെട്ടിമറച്ചുണ്ടാക്കിയ ചുവര്. സമീപത്തെ സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയപ്പോള്‍ കിട്ടിയ പത്ത് ആസ്ബറ്റോസ് ഷീറ്റുകള്‍ വച്ച് തീര്‍ത്ത മേല്‍ക്കൂര. ഇതേ ഷീറ്റുകളുടെ പൊട്ടിപോയ കഷ്ണങ്ങള്‍ കൊണ്ടുണ്ടാക്കിയ ശുചിമുറി. ബുധനൂര്‍ കോയിപ്പള്ളില്‍ വീട്ടില്‍ ഹരികുമാര്‍-സംഗീത ദമ്പതികളുടെ വീടിന്റെ അവസ്ഥയാണിത്.
13 വയസുള്ള മകള്‍ക്കും എട്ടുവയസുകാരനായ മകനുമൊപ്പം അടച്ചുറപ്പുള്ളൊരു വീട്ടില്‍ അന്തിയുറങ്ങുക എന്നതാണ് ഇവരുടെ സ്വപ്നം. ഒന്നര വര്‍ഷമായി വീടെന്ന സ്വപ്നവുമായി അധികൃതര്‍ക്ക് മുന്നില്‍ കയറിയിറങ്ങിയെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
മഴക്കാലമായാല്‍ പിന്നെ പറയാനില്ല. ആസ്ബറ്റോസ് കൊണ്ടുണ്ടാക്കിയ മേല്‍ക്കൂര ചോരുന്നതും മഴയില്‍ വീടിന്റെ മുറ്റം നിറഞ്ഞുകഴിഞ്ഞാല്‍ വീട്ടിന് ഉള്ളിലേക്ക് വെള്ളം ഇരച്ചുകയറുന്നതും പതിവ് കാഴ്ചയാണ്. ഇതിന് പുറമെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
കൂലിപ്പണിക്കാരനായ ഹരികുമാറിന് മിക്ക ദിവസങ്ങളിലും ജോലിയുണ്ടാവില്ല. മകള്‍ ഹരിത എട്ടിലും മകന്‍ ജ്യോതികൃഷ്ണന്‍ രണ്ടിലുമാണ് പഠിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കുന്നതിന് വേണ്ടി മേശയോ കസേരയോ ഇല്ല. പുലിയൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വീടിനായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇവരുടെ വീടെന്ന സ്വപ്നം സഫലമാകണമെങ്കില്‍ സമുനസുകളുടെ കനിവ് കൂടി വേണം.