Share this Article
കോഴിക്കോട് തങ്കമല ക്വാറി ഖനനത്തിനെതിരെ പ്രത്യക്ഷ സമരം നടത്താനൊരുങ്ങി യു.ഡി.എഫ്
Quarry Excavation

കോഴിക്കോട് തങ്കമല ക്വാറി ഖനനത്തിനെതിരെ പ്രത്യക്ഷ സമരം നടത്താനൊരുങ്ങി യു.ഡി.എഫ്. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങോത്ത് ഈ മാസം 28ന് യുഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

പേരാമ്പ്ര എംഎൽഎയും എൽഡിഎഫ് കൺവീനറുമായ ടി.പി.രാമകൃഷ്ണന്റെ ഒത്താശയോടെയാണ് ക്വാറി പ്രവർത്തനം മുന്നോട്ടു നീങ്ങുന്നതെന്ന രാഷ്ട്രീയ ആരോപണം ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. 

തങ്കമലയിലെ ക്വാറി 41 ഓളം നിയമലംഘനം നടത്തിയാണ് പ്രവർത്തിക്കുന്നതെന്ന് ജിയോളജി വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് പഠന ഏജൻസി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

തുറയൂർ, കീഴരിയൂർ പഞ്ചായത്തുകളിലായി നിലകൊള്ളുന്ന തങ്കമല ക്വാറിയുടെ ഖനനം സമീപവാസികൾക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. കോഴിക്കോട് ജില്ലാ കളക്ടർക്കെതിരെയും എൽ.ഡി.എഫ് കൺവീനറായ സ്ഥലം എം.എൽ.എ ടി.പി.രാമകൃഷ്ണനെതിരെയും ആരോപണങ്ങളും യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്.

എൽ.ഡി.എഫ് കൺവീനറെ ഭയന്നാണ് കോഴിക്കോട് കളക്ടർ ക്വാറിക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി.ദുൽക്കിഫിൽ പറഞ്ഞു.  കോഴിക്കോട് കളക്ടറും ക്വാറിയുടെ നടത്തിപ്പുകാരായ വഗാർഡ് കമ്പനിയും തമ്മിൽ ഡീൽ ഉണ്ടെന്നും ദുൽക്കിഫിൽ ആരോപിച്ചു.

28 ന് വൈകീട്ട് നടക്കുന്ന യു.ഡി.എഫ് പ്രതിഷേധം കെ.പി.സി.സി മുൻ പ്രസിഡൻ്റ് കെ.മുരളീധരനാണ് ഉദ്ഘാടനം ചെയ്യുക. ദേശീയപാത പ്രവർത്തിയുടെ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് തങ്കമലയിലെ ക്വാറിയിൽ  ഇപ്പോൾ ഖനനം തുടരുന്നതെന്നതാണ് അധികൃതർ നൽകുന്ന  വിശദീകരണം. എന്നാൽ കുറിച്ച് പരസ്യ പ്രതികരണത്തിന്  അധികൃതർ തയ്യാറായിട്ടില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories