Share this Article
കല കൊല്ലപ്പെട്ടത് തന്നെ, തെളിവ് കിട്ടിയെന്ന് SP; യുവതിയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം
വെബ് ടീം
posted on 02-07-2024
1 min read
missing-for-15-years-alappuzha-woman-police-confirmed-murder

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതാണെന്ന് പൊലീസിന്റെ സ്ഥിരീകരണം.അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. കല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 

അതേ സമയം മരിച്ച യുവതിയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇസ്രയേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ്പി അറിയിച്ചു.

യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ വഴിത്തിരിവായത് ഊമക്കത്താണ്. കൊലപ്പെടുത്തുന്നതിന് മുൻപ് അനിൽ ഉൾപ്പെട്ട സംഘം കലയുമായി കുട്ടനാട്ടിലെ കള്ളുഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചിരുന്നു. എവിടെ വച്ചാണ് കലയെ കൊലപ്പെടുത്തിയത് അടക്കമുള്ള വിവരങ്ങൾ പിന്നീടേ വ്യക്തമാകുകയുള്ളു. കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കലയെ അനിലിന് സംശയമായിരുന്നു. കല ഗൾഫിലുള്ള ഒരാൾക്കൊപ്പം പോയി എന്നാണ് ഭർത്താവും ബന്ധുക്കളും എല്ലാവരോടും പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കലയെ കാണാതായതിൽ പരാതിയും ഉണ്ടായില്ല.  പൊലീസിന്‍റെ ജാഗ്രതയാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താനും കൊലപാതകത്തിന്‍റെ വിവരം പുറത്തുവരാനും കാരണമായത്. 

അതേ സമയം  യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. 15 വര്‍ഷം മുന്‍പു കാണാതായ കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടത്താന്‍ നാട്ടിലുള്ള സംഘത്തിന് അനില്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി കലയുടെ സഹോദരന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ കലയെ നേരത്തെ അറിയാവുന്നതുകൊണ്ട് കൊലപാതകത്തിന്റെ ക്വട്ടേഷന്‍ ഈ സംഘം ഏറ്റെടുത്തില്ലെന്ന് സംഘം കലയുടെ സഹോദരനോട് പറഞ്ഞയായും ശോഭന പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ കലയ്ക്ക് നിരന്തരം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നതായും ജീവിച്ചിരുന്നെങ്കില്‍ ഒരിക്കലെങ്കിലും മകനെ കാണാന്‍ ഉറപ്പായും വരുമായിരുന്നെന്നും ശോഭന പറഞ്ഞു.''അനിലിനൊപ്പം പോകുമ്പോള്‍ കലയ്ക്ക് 20 വയസ്സു മാത്രമേ പ്രായം കാണൂ. പ്ലസ് ടു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ വിവാഹം കഴിച്ചു നല്‍കില്ലെന്ന് അറിയിച്ചതോടെ അനില്‍ കലയെ വന്നു കൊണ്ടുപോവുകയായിരുന്നു. അനിലിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണു വിവാഹം നടത്തിയത്. കുറച്ചു കാലത്തിനു ശേഷം അവര്‍ക്കു മകനുണ്ടായി. ശേഷമാണ് അനില്‍ വിദേശത്തേക്കു പോയത്. ഒരു വര്‍ഷ കഴിഞ്ഞ് മടങ്ങി വന്നിട്ടാണ് സംഭവം നടക്കുന്നത്. ഇതിനിടയ്ക്ക് അനില്‍ പറഞ്ഞിരുന്നു കല മറ്റൊരാളുമായി സ്‌നേഹത്തിലാണെന്ന്. പിന്നീട് അവളെ ഞങ്ങള്‍ കണ്ടിട്ടില്ലെന്നും'' അവര്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories