കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടുകാർ മുംബൈയിൽ പോയ സമയത്താണ് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. മാരകായുധങ്ങളുമായാണ് മോഷണസംഘം എത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതര സംസ്ഥാനക്കാരാണ് പ്രതികളെന്നാണ് പ്രാഥമിക സൂചന.
വീട്ടിൽനിന്ന് പണം നഷ്ടപ്പെട്ടതായാണ് വിവരം. അതേസമയം, വീട്ടുകാർ തിരികെ എത്തിയാൽ മാത്രമേ കൃത്യമായ വിവരങ്ങൾ അറിയാനാകൂ. വീടിന്റെ പ്രധാന വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയാണ് മോഷണം നടത്തിയിരിക്കുന്നത്.ഞാറാഴ്ച രാത്രിയാണ് സംഭവം നടന്നത്. മാരകായുധങ്ങളുമായി രണ്ടുപേർ വീട് കുത്തിത്തുറന്ന് വീടിനകത്തേക്ക് കയറിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചത്. വിരലടയാളങ്ങളോ മറ്റ് തെളിവുകളോ ലഭിക്കാതിരിക്കാനായി കൈയുറയും മാസ്കും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്.സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ഇതര സംസ്ഥാനക്കാരാണ് പ്രതികളെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. പൊലീസും വിരലടയാള വിദഗ്ധരുമടക്കം എത്തി വീട്ടിൽ പരിശോധന നടത്തി.