Share this Article
ഡ്രൈവർ ഓടിച്ചത് ഗൂഗിൾ മാപ്പ് നോക്കി; നാടകസംഘം വഴിതെറ്റി എത്തിയത് അപകടത്തിലേക്ക്
വെബ് ടീം
posted on 15-11-2024
1 min read
drama dead

കണ്ണൂര്‍ കേളകം മലയാംപടിയില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. അപകടത്തിന് കാരണം ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് ഓടിച്ചതാണെന്നാണ് കേളകം പൊലിസിന്റെ പ്രാഥമിക നിഗമനം. ചെറു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ റോഡിലേക്ക് എത്തുകയും മിനിബസ് താഴ്ചയിലുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയുമായിരുന്നു.കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിലെ മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറഞ്ഞത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴി പുലര്‍ച്ചെ നാലോടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവില്‍ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റത്.

ബസ് അപകടത്തില്‍ മരിച്ച നാടക കലാകാരികളുടെ  കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories