പന്തീരാങ്കാവ് നവവധുവധശ്രമ കേസിൽ മുഖ്യപ്രതിയെ സഹായിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പന്തീരാങ്കാവ് സ്റ്റേഷനിലെ സിപിഒ ശരത് ലാലിൻ്റെ ജാമ്യാപേക്ഷയാണ് വിശദമായ വാദം കേൾക്കാനായി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
പന്തീരങ്കാവിൽ നവവധുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് സംഭവ സമയത്ത് പന്തീരാങ്കാവ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ശരത്ത് ലാലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം നടത്തുകയും ശരത് ലാലിനെ സസ്പെൻഡും ചെയ്തു. പിന്നാലെ കേസിൽ അഞ്ചാം പ്രതിയാക്കിയതോടെ ശരത് ലാൽ ഒളിവിൽ പോയി. അതിനുശേഷം ആണ് പൊലീസുകാരൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
22ന് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആദ്യം 24 ലേക്കും പിന്നീട് പൊലീസ് റിപ്പോർട്ട് ലഭിക്കാത്തതിനാൽ ഇന്നത്തേക്കും മാറ്റിവെക്കുകയായിരുന്നു. ഇന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് അവധിയായതിനാൽ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
അതുകൊണ്ടുതന്നെ വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ മുഹമ്മദ് ആരിഫ് പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശരത് ലാൽ നവവധു വധശ്രമ കേസിലെ മുഖ്യപ്രതി രാഹുലിനെ സഹായിച്ചിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
കഴിഞ്ഞദിവസം കേസിലെ രണ്ടും മൂന്നും പ്രതികളായ രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കും കോഴിക്കോട് ജില്ലാ സ്റ്റേഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.