കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പില്‍ പുനര്‍ വോട്ടെണ്ണല്‍ ക്രമപ്രകാരമല്ല നടന്നതെന്ന് ഹൈക്കോടതി. റീ കൗണ്ടിംഗില്‍ അസാധു വോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി കെ എസ് യു വിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചു. തെരഞ്ഞെടുപ്പില്‍ റീ കൗണ്ടിംഗ് നടത്തുമ്പോള്‍ സാധുവായ വോട്ടുകളാണ് എണ്ണേണ്ടത്. അസാധുവായവ മാറ്റി സൂക്ഷിക്കണം. എന്നാല്‍ ഈ ചട്ടം പാലിച്ചില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. അസാധു വോട്ടുകള്‍ സാധുവായി കണക്കാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. റീ കൗണ്ടിംഗിന് രേഖകളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒപ്പിട്ടതായി കാണുന്നില്ല. ബൈലോ പാലിക്കാതെയാണോ തെരഞ്ഞെടുപ്പ് നടത്തിയതെന്നും കോടതി ചോദിച്ചു. യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ക്യാംപസ് തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ കോടതിയെ അല്ല, വൈസ് ചാന്‍സിലറെയാണ് സമീപിക്കേണ്ടതെന്നാണ് സര്‍വ്വകലാശാലയുടെ നിലപാട്. കെ എസ് യുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി പിന്നീട് വിധി പറയും.