തൃശൂർ പാലപ്പിള്ളി കുണ്ടായിയിൽ കാട്ടാനകൾ പെരുകുന്നു.മേഖലയിൽ തമ്പടിച്ചിരിക്കുന്നത് കുട്ടികൾ ആനകൾ ഉൾപ്പടെ 20 ഓളം കാട്ടാനകൾ.പകൽ സമയത്ത് റബ്ബർ തോട്ടങ്ങളിലും പുഴയിലും, വൈകിട്ടായാൽ റോഡിലും ഇറങ്ങുന്ന കാട്ടാനക്കൂട്ടം കുണ്ടായി, ചൊക്കന പ്രദേശത്തുള്ളവരുടെ ഉറക്കം കെടുത്തുകയാണ്.
പത്ത് ദിവസത്തിലേറെയായി ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത് കുട്ടിആനകൾ ഉൾപ്പടെ 20 ഓളം കാട്ടനാകളാണ്. അടിക്കാടുകൾ വളർന്നു നിൽക്കുന്ന തോട്ടങ്ങളിൽ ആവശ്യത്തിലേറെ തീറ്റയുള്ളതാണ് ആനകളെ കാടിറങ്ങാൻ പ്രേരിപ്പിക്കുന്നത്. തോട്ടങ്ങളിലും കുണ്ടായി പുഴയിലും കൂട്ടത്തോടെയാണ് ആനകൾ എത്തുന്നത്.
ആനകൾ നിന്നാൽ കാണാൻ കഴിയാത്ത വിധം തോട്ടങ്ങളിൽ കാടുമൂടിയതുമൂലം ഭീതിയൊടെയാണ് തൊഴിലാളികൾ പണിക്കിറങ്ങുന്നത്.ഇതേ അവസ്ഥയിലുള്ള പുനർ നടീൽ നടക്കാത്ത തോട്ടങ്ങളും ആനകളുടെ വിഹരകേന്ദ്രമായി മാറുകയാണ്. വൈകിട്ടോടെ റോഡിലിറങ്ങുന്ന ആനകളെ ഭയന്നാണ് വാഹന - കാൽനട യാത്രക്കാർ കടന്നുപോകുന്നത്.
കാട്ടാന ശല്യം രൂക്ഷമായിട്ടും തോട്ടങ്ങളിലെ കാട് വെട്ടി തെളിക്കാൻ മാനേജ്മെൻ്റും ആനകളെ കാടുകയറ്റാൻ വനപാലകരും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. തോട്ടം തൊഴിലാളികളും ആദിവാസികളും ഉൾപ്പടെ നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.
പുലർച്ചെ തോട്ടങ്ങളിൽ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഏതുസമയത്തും ആക്രമിക്കാൻ എത്തുന്ന ആനകൾക്കിടയിൽ നിന്ന് പണിയെടുക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ. കാടിറങ്ങുന്ന ആനകളെ ഒരു പരിധിവരെ തടയാൻ വനാതിർത്തികളിൽ കിടങ്ങ് തീർക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാൻ പോലും ഇതുവരെ അധികൃതർ തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ് .