കണ്ണൂര്‍: സത്യസന്ധതക്ക് ലഭിച്ച പാരിതോഷിക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ശുചീകരണ തൊഴിലാളികള്‍ വയനാട് ജനതക്കൊപ്പം മനസ് ചേര്‍ത്തു. കണ്ണൂര്‍ കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളായ കെ.സജിത്ത്, പി.ശ്രീജ എന്നിവര്‍ക്ക് ഇന്നലെ ഉച്ചയ്ക്ക് 12.30 ന് താളിക്കാവ് റോഡിൽ ശുചീകരണ തൊഴിലിനിടയിലാണ് നാൽപതിനായിരം രൂപയും പാസ്ബുക്കും അടങ്ങിയ ബാഗ് ലഭിക്കുന്നത്.
ഉടന്‍ തന്നെ ഇവര്‍ പണവും ബാഗും കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഏല്പിച്ചു. പാസ്ബുക്കിലെ വിലാസവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പൊതുവാച്ചേരി സ്വദേശി കെ.ശ്രീധരന്റെയാണ് പണമെന്ന് തിരിച്ചറിഞ്ഞു.
അദ്ദേഹത്തെ വിളിച്ചുവരുത്തി സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം .സുധീര്‍ബാബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.ആര്‍.സന്തോഷ്‌കുമാര്‍, എം.ജുനാറാണി എന്നിവര്‍ ശുചീകരണ തൊഴിലാളികളുടെ സാന്നിധ്യത്തില്‍ പണം ശ്രീധരന് കൈമാറി. ശ്രീധരന്‍ തൊഴിലാളികളുടെ സന്മനസ് തിരിച്ചറിഞ്ഞ് ഇവര്‍ക്ക് 2000 രൂപ സ്‌നേഹസമ്മാനമായി നല്‍കി.
എന്നാല്‍ ഇവര്‍ ഈ പണം വേണ്ടായെന്ന് അറിയിച്ചപ്പോള്‍ ആരോഗ്യ വിഭാഗം ഈ പണം വയനാട് ദുരിതാശ്വാസത്തിന് നല്‍കാന്‍ തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. ഇവരുടെ സമ്മതത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയനെ ഈ വിവരം ധരിപ്പിക്കുകയും അദ്ദേഹം 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്തു.