പൊതു ഇടങ്ങളില്‍ മാലിന്യം തളളുക എന്ന പതിവ് രീതിയില്‍ നിന്ന് മാറി തന്റെ വീടിനു മുന്നിലെ പാതയോരം പൂന്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് ആലപ്പുഴ തെക്കേക്കര സ്വദേശിനി സിന്ധു സന്തോഷ് എന്ന വീട്ടമ്മ.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ മങ്കൊമ്പ് മേല്‍പ്പാലത്തിന് താഴെയുള്ള സര്‍വീസ് റോഡിലൂടെ സഞ്ചരിച്ചാല്‍ കണ്ണിനു കുളിര്‍മയും മനസ്സില്‍ ആനന്ദവും ലഭിക്കുന്ന ഒരു കാഴ്ച കാണാം . മേല്‍പ്പാലത്തിന് തൊട്ടു താഴെ സര്‍വീസറോഡ് ആരംഭിക്കുന്നിടത്ത് വിവിധ തരം അലങ്കാര ചെടികളില്‍ തുടങ്ങുന്ന വര്‍ണ്ണക്കാഴ്ചകളാണ് യാത്രികരെ കാത്തിരിക്കുന്നത്.
മഞ്ഞക്കോളാമ്പിയും വാടാമല്ലിയും കടലാസ് ചെടികളും മുതല്‍ ഓര്‍ക്കിഡും കള്ളിമുള്‍ച്ചെടികളും വരെയുണ്ട് സിന്ധുവിൻ്റെ പൂന്തോട്ടത്തില്‍. വാഴയും വെണ്ടയും ചേനയും ഇഞ്ചിയുമൊക്കെ ഇടയിലെ കാഴ്ചകൾ മാത്രം. മാസങ്ങള്‍ക്കു മുമ്പാണ് സിന്ധു പാതയോരം പൂന്തോട്ടം ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
വീട്ടിൽ പശു വളർത്തൽ ഉള്ളതിനാൽ ചാണകമാണ് ചെടികൾക്ക് വളം ആയി ഇടുന്നത് . ദിവസത്തിൽ ഒരു നേരം കുടത്തിൽ വെള്ളം കോരി കൊണ്ടുവന്ന് സിന്ധു തന്നെ നനയ്ക്കും. സമീപത്തെ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് കളനാശിനി അടിച്ചപ്പോൾ വാടിപ്പോയ ചെടികളെ എല്ലാം കുഞ്ഞുങ്ങളെ പോലെ പരിപാലിച്ചാണ് വീണ്ടും റോഡരികിൽ ഈ വീട്ടമ്മ വർണ്ണവസന്തം ഒരുക്കിയത്.
പാതയോരങ്ങളില്‍ മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരുള്ള നമ്മുടെ നാട്ടില്‍ സിന്ധുവിന്റേത് അനുകരണീയ മാതൃകയാണെന്ന് ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഗസ്റ്റിന്‍ ജോസഫ് പറഞ്ഞു.പരിശ്രമിച്ചാല്‍ എതൊരു മനുഷ്യനും ഈ ഭൂമി ഒരു സ്വര്‍ഗ്ഗമാക്കാം എന്ന് കാട്ടിത്തരുകയാണ് സിന്ധു എന്ന വീട്ടമ്മ.