അയ്യപ്പൻ്റെ തിരുസന്നിധിയിൽ പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്‌നികുണ്ഡമാണ് മഹാ ആഴി. ആകാശത്തോളം പടരുന്ന ആഴിയിലെ അഗ്‌നി ഗോളങ്ങൾ സന്നിധാനത്ത് ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചൈതന്യമേകുന്ന കാഴ്ചയാണ്.
പൂജകൾക്കായി കാനന മധ്യത്തിലെ ക്ഷേത്ര നട തുറക്കുമ്പോഴാണ് ആഴിയ്‌ക്കും തിരിതെളിയുന്നത്. ശ്രീകോവിലിനുള്ളിൽ നിന്നും കൊളുത്തിയ അഗ്നി മേൽശാന്തിയാണ് ആഴിയിലേക്ക് പകരുന്നത്. അയ്യപ്പ മുദ്ര ധരിച്ച് നാൽപ്പത്തി ഒന്ന് ദിവസത്തെ പുണ്യവ്രതമെടുത്ത് കല്ലും മുള്ളും നിറഞ്ഞ കാനനപാതയുടെ കാഠിന്യമളന്ന പാദങ്ങളുമായി സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് ആഴിയിലേക്ക് നാളികേരമെറിയുന്നത്.
ശരണമന്ത്രങ്ങളോടെ ഇരുമുടിക്കെട്ടില്‍ നെയ്‌ത്തേങ്ങയുമായി മലയിലെത്തുന്ന സ്വാമിമാര്‍ നെയ്യ് ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്നു. ശേഷം തേങ്ങയുടെ മുറികള്‍ മഹാ ആഴിയിലെറിയുകയും ചെയ്യുന്നു.ഇരുമുടിയിലെ നെയ്‌ത്തേങ്ങ ജീവാത്മാവാണെന്നാണ് സങ്കല്‍പം.
നെയ്യ് അഭിഷേകം ചെയ്യുമ്പോള്‍ ജീവാത്മാവ് അയ്യപ്പനില്‍ വലയം പ്രാപിക്കുന്നു. നെയ്യ് നീക്കിയ തേങ്ങ ജഡ ശരീരമായി കരുതി അത് ആഴിയില്‍ എരിക്കുകയാണ്. ഭക്ത ദർശനത്തിന് നടതുറക്കുന്ന വേളകളിൽ രാപകല്‍ ഭേദമെന്യേ ഇടമുറിയാതെ വീഴുന്ന നാളികേരം എരിയുന്ന അഗ്‌നിശോഭയില്‍ ഈ മഹാ അഗ്‌നികുണ്ഡം ആഞ്ഞുകത്തുകയാണ്. തനുത്തുറയ്ക്കുന്ന കൊടു വനത്തിൻ്റെ നടുവിൽ ഭക്തരിൽ അലിഞ്ഞ് ചേർന്ന വിശ്വാസത്തിന്റെ ചൂടും വെളിച്ചവും പകര്‍ന്ന്.