കൊട്ടിയൂർ ഉത്സവം എന്ന് അറിയപ്പെടുന്ന 27 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ ഉത്സവത്തിനായുള്ള കാത്തിരിപ്പിലാണ് വടക്കൻ കേരളത്തിലെ വിശ്വാസികൾ.
കൊട്ടിയൂർ ഉത്സവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനു ഓരോ വകുപ്പുകളെയും ഏൽപിച്ച പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
ഉത്സവുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെയും പാർക്കിങ്ങിൻ്റെയും വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിൻ്റെ അധ്യക്ഷതയിൽ മെയ് 10 ന് യോഗം കൂടും.
ഉത്സവുമായ ബന്ധപ്പെട്ട ഭക്തരുടെയും വാഹനങ്ങളുടെയും സുഗമമായ നീക്കത്തിന് പരിചയ സമ്പന്നരായ പോലീസുകാരെ നിയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി യോഗത്തിൽ പോലീസ് അറിയിച്ചു. തടസമില്ലാതെ വൈദ്യുതി, ജല വിതരണം ഉറപ്പാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കെ എസ് ഇ ബി യും വാട്ടർ അതോറിറ്റിയും യോഗത്തിൽ അറിയിച്ചു. കെ എസ് ആർ ടി സി 25 ബസുകൾ കൊട്ടിയൂരിലേക്ക് സ്പെഷ്യൽ സർവ്വീസിനായി വിവിധ ഡിപ്പോകളിൽ നിന്നും കൊണ്ടുവരുമെന്ന് യോഗത്തിൽ അറിയിച്ചു.
കൂടാതെ തലശ്ശേരി, കണ്ണൂർ. പയ്യന്നൂർ. മാനന്തവാടി. താമരശ്ശേരി, വടകര, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും യാത്രകാരുടെ ആവിശ്യത്തിനനുസരിച്ച് കൊട്ടിയൂരിലേക്ക് സർവീസ് നടത്തുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മൊബൈൽ ലാബിൻ്റെ സേവനവും ഉത്സവത്തിൻ്റെ ഭാഗമായി ഉറപ്പാക്കിയിട്ടുണ്ട്.
യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, കണ്ണൂർ ഡി എഫ് ഒ എസ് വൈശാഖ്, എ ഡി എം കെ നവീൻ ബാബു കൊട്ടിയൂർ ദേവസ്വം പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കൊട്ടിയൂർ വൈശാഖ മഹോത്സവം 2024 പ്രധാന ചടങ്ങുകൾ
ഏപ്രിൽ 25 വ്യാഴാഴ്ച - പ്രക്കൂഴം
മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത്
മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം
മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത്
മേയ് 29 ബുധനാഴ്ച തിരുവോണം ആരാധന, ഇളനീർവെയ്പ്പ്
മേയ് 30 വ്യാഴാഴ്ച ഇളനീരാട്ടം അഷ്ടമ ആരാധന
ജൂൺ 2 ഞായർ രേവതി ആരാധന
ജൂൺ 6 വ്യാഴാഴ്ച രോഹിണി ആരാധന
ജൂൺ 8 ശനിയാഴ്ച തിരുവാതിര ചതുശ്ശതം
ജൂൺ 9 ഞായറാഴ്ച പുണർതം ചതുശ്ശതം
ജൂൺ 11 ചൊവ്വാഴ്ച ആയില്യം ചതുശ്ശതം
ജൂൺ 13 വ്യാഴാഴ്ച മകം കലംവരവ്
ജൂൺ 16 ഞായറാഴ്ച അത്തം ചതുശ്ശതം ,വാളാട്ടം കലശപൂജ
ജൂൺ 17 തിങ്കളാഴ്ച തൃക്കലശാട്ട്