ഇടുക്കി പീരുമേട്ടിലെ യുവാവിന്റെ മരണം കൊലപാതകംഎന്ന് തെളിഞ്ഞു,അമ്മയും സഹോദരനും അറസ്റ്റിൽ. പീരുമേട് പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവിനെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് വീടിന് സമീപത്ത് മരിച്ച നിലയിൽ അഖിലിനെ കണ്ടെത്തിയത്. നാട്ടുകാരാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്നത്. ആദ്യഘട്ടത്തിൽ തന്നെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതികളെ പീരുമേട് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
മരിച്ച അഖിലിൻ്റെ സഹോദരൻ അജിത്ത്, അമ്മ തുളസീ എന്നിവരെയാണ് നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ കുറ്റസമ്മത പ്രകാരം പീരുമേട് പോലീസ് അസറ്റ് ചെയ്തത്.പീരുമേട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾ നീണ്ട
ചോദ്യം ചെയ്യലിന് ഒടുവിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. സഹോദരൻ അജിത്ത് കൊലപാതകം ചെയ്തതുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയും അമ്മ തുളസി രണ്ടാം പ്രതിയുമാണ്.സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ.
ടി വി കാണുന്നതുമായി ബന്ധപ്പെട്ട് അഖിലും അജിത്തും തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കമ്പി വടിക്ക് അജിത്ത് അഖിലിൻ്റെ തലക്ക് അടിക്കുകയായിരുന്നു. സംഘർഷത്തിനിടെ തടസം പിടിക്കാനത്തിയ അമ്മ തുളസിയെ അഖിൽ തള്ളിയിട്ടതും പ്രകോപനത്തിന് ഇടയാക്കി.
തുടർന്ന് ബോധരഹിതനായ അഖിലിനെ അജിത്ത് വലിച്ചിഴച്ച് വീടിന് സമീപത്തെ കവുങ്ങിൽ കെട്ടിയിടുകയായിരുന്നു. ഇവിടെ കിടന്നാണ് അഖിൽ മരിച്ചത് എന്നാണ് പോലീസ് പറയുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലക്ക് ഏറ്റ ക്ഷതവും ഇതേ തുടർന്ന് തലക്ക് ഉള്ളിൽ ഉണ്ടായ രക്തസ്രാവവുമാണ് മരണകാരണം.
ഇതോടൊപ്പം കഴുത്തിൽ കൈ കൊണ്ട് ബലമായി അമർത്തിയിട്ടുമുണ്ട് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജിത്തിനെ പ്ലാക്കത്തടത്തെ വീട്ടിൽ എത്തിച്ച് തെളിപ്പെടുപ്പ് നടത്തി.പീരുമേട് ഡി വൈ എസ് പി . വിശാൽ ജോൺസൺ സി ഐ . ഗോപി ചന്ദ്രൻ എസ് ഐ ജെഫി ജോർജ് മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ഇരുവരെയും വൈദ്യ പരിശേധനക്ക് ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി.