ക്ലാസിക്കല്‍ നൃത്തത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ് ചിലങ്ക. കേരളത്തിനകത്തും പുറത്തും ഏറെ ആരാധകരുള്ള ചിലങ്കകളുടെ ശില്‍പിയാണ് കൊച്ചിക്കാരനായ മുകുന്ദന്‍ മാഷ്. വര്‍ഷങ്ങളായി കുടുംബത്തിന്റെ പിന്തുണയോടെ നിരവധി ചിലങ്കകളാണ് ഇദ്ദേഹം ഉണ്ടാക്കുന്നത്.
താളത്തെ നൃത്തത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്നതാണ് ചിലങ്കകള്‍. ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ ചിലങ്കയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്. കൊച്ചിയിലെ വീട്ടിലിരുന്ന് കൈകള്‍ കൊണ്ട് മണികള്‍ കൂട്ടിത്തുന്നി കലയെ ഉപാസിക്കുകയാണ് മുകുന്ദന്‍ മാഷ്.
നവരാത്രിക്കാലത്തേയ്ക്കുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ അദ്ദേഹം. അരങ്ങേറ്റങ്ങള്‍ കൂടുന്നതോടെ ചിലങ്കയ്ക്ക് ആവശ്യക്കാരും ഏറും. ചെന്നൈയില്‍ നിന്നും മറ്റും സവിശേഷമായ മണികള്‍ കൊണ്ടു വന്നാണ് പലപ്പോഴും ഇവിടെ ചിലങ്കകള്‍ ഒരുക്കുന്നത്.
വര്‍ഷങ്ങളോളം കലാവിഷ്‌ക്കാരത്തിന്റെ അണിയറയില്‍ സജീവ സാന്നിധ്യമാണ് മുകുന്ദന്‍ മാഷ്. നൃത്ത രംഗത്തേയ്ക്ക് വരുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം.
ഭാര്യ മല്ലികയാണ് മുകുന്ദന്‍ മാഷിന്റെ പിന്തുണ. മണികള്‍ കോര്‍ത്ത് ചിലങ്കയ്ക്ക് ജീവന്‍ നല്‍കാന്‍ മല്ലിക എപ്പോഴും കൂടെത്തന്നെയുണ്ട്. മകള്‍ ശ്രുതിയും ഭര്‍ത്താവ് സൈജുവും ഇതിനൊപ്പം സഹായത്തിനുണ്ട്. രണ്ട് മണിക്കൂറോളം എടുത്താണ് ഓരോ ചിലങ്കയും ഉണ്ടാക്കുന്നത്. സ്വര്‍ണ്ണം പൂശിയ മണികളും വെളളിയില്‍ തീര്‍ത്തവയും എല്ലാം ഇക്കൂട്ടത്തിലുണ്ട്.
കൊച്ചിയിലെ ഏകാംഗ നാടകങ്ങളിലൂടെ കലാരംഗത്തേയ്ക്ക് കടന്ന മുകുന്ദന്‍ ദീര്‍ഘ കാലം മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തതിന് ശേഷമാണ് ചിലങ്കയിലേയ്ക്ക് ചുവടു മാറ്റിയത്. ഇനിയും നിരവധി കലാകാരന്മാരുടെ നൃത്തത്തിന് കൊച്ചിയിലിരുന്ന താളം കൊരുക്കുകയാണ് മുകുന്ദന്‍ മാഷ്.