കൊല്ലം അഞ്ചലില്‍ പോലീസ് പിടിച്ചെടുത്ത വാഹനം തിരികെ നല്‍കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. അഞ്ചല്‍ കോമളം സ്വദേശി നവാസാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
മത്സ്യ വ്യാപാരിയായ നവാസ് കഴിഞ്ഞ ഏപ്രില്‍ 15നാണ് അഞ്ചല്‍ ടൗണിലെ ഒരു കടയുടെ മുന്നില്‍ തന്റെ വാഹനം പാര്‍ക്ക് ചെയ്ത് പോയത്. നോ പാര്‍ക്കിംഗ് ഏരിയ ആണെന്ന് ചൂണ്ടിക്കാട്ടി വാഹനം കെട്ടിവലിച്ചാണ് പോലീസ് കൊണ്ടുപോയത്.
പിന്നീട് നവാസ് ദിവസവും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും പിഴയടച്ച് വാഹനം വിട്ടു നല്‍കുവാനോ കോടതിയിലേക്ക് അയക്കുവാനോ പോലീസ് തയ്യാറായില്ല. അഞ്ചല്‍ പോലീസിന്റെ നടപടിയില്‍ മനംനൊന്താണ് നവാസ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടിലെ ഫാനില്‍ കെട്ടിതുങ്ങിയ നവാസിനെ കതക് പൊളിച്ച് അകത്തുകടന്നാണ് രക്ഷിച്ചത്.
കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമാണ് പോലീസ് ഇല്ലാതാക്കിയതെന്നും ആശുപത്രിയില്‍ നിന്നും ഇറങ്ങിയാല്‍ പോലീസ് സ്റ്റേഷനിലെത്തി ജീവനൊടുക്കുമെന്ന് നവാസ് പറഞ്ഞതായും പിതാവും ചൂണ്ടിക്കാട്ടി.
അതേസമയം വാഹനം പാര്‍ക്ക് ചെയ്ത കടയിലെ ജീവനക്കാരിയെ നവാസ് നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതി ഉണ്ടെന്നും വാഹനം നിര്‍ത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എടുത്തുമാറ്റാതായതോടെ റിക്കവറി വാന്‍ ഉപയോഗിച്ച് സ്റ്റേഷനില്‍ എത്തിച്ചെന്നുമാണ് പോലീസ് പറയുന്നത്.