അപകടത്തില്‍ മരിച്ചെന്നു കരുതിയ യുവതിക്ക് രക്ഷകരായത് തൃശ്ശൂര്‍ എരുമപ്പെട്ടി സ്റ്റേഷനിലെ പോലീസുകാര്‍. വെള്ളറക്കാട് സ്വദേശി ഷാഹിദയ്ക്കാണ് പൊലീസുകാരുടെ ഇടപെടല്‍ മൂലം പുതു ജീവന്‍ ലഭിച്ചത്.
ആദൂര്‍ പാടം റോഡില്‍ എസ് ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെട്രോളിങ് നടത്തുന്നതിനിടെയാണ് റോഡില്‍ നിന്നും യുവതിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്നും മറിഞ്ഞുവീണ ഷാഹിദ തലയില്‍നിന്ന് അമിതമായി രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയവരെല്ലാം ഷാഹിദയുടെ ജീവന്‍ നഷ്ടമായെന്നാണ് കരുതിയത്. തുടര്‍ന്ന് സബ്ബ് ഇന്‍സ്പെക്ടര്‍ മഹേഷും, ഡ്രൈവര്‍ പ്രജീഷും നാട്ടുകാരും ചേര്‍ന്ന് യുവതിയെ പോലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കുകായയിരുന്നു. പോലീസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് ഷാഹിദയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.