തൃശ്ശൂർ മലയ്ക്കപ്പാറയിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണം. മലക്കപ്പാറയിൽ നിന്ന് അതിരപ്പള്ളിയിലേക്ക് വരികയായിരുന്ന കുടുംബത്തെയാണ് ഒറ്റയാൻ ആക്രമിച്ചത്.
ഇന്നലെ വൈകുന്നേരം 6 മണിയോടെ ഷോളയാർ തോട്ടപ്പുരയിൽ ആയിരുന്നു സംഭവം. മലക്കപ്പാറയിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിനു നേരെയാണ് കാട്ടാന ആക്രമണം അഴിച്ചുവിട്ടത്. ആന കാറിനു നേരെ ഓടി വരുന്നത് കണ്ട് കാർ പുറകോട്ട് എടുത്തെങ്കിലും വേഗത്തിൽ ഓടി കാറിനടുത്ത് എത്തിയ ആന കാറിന്റെ മുൻഭാഗത്ത് കൊമ്പുകൊണ്ട് കുത്തുകയായിരുന്നു.
ആനയുടെ ആക്രമണത്തിൽ കാറിന്റെ മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊട്ട് പുറകിൽ ഉണ്ടായിരുന്ന കാറിലെ യുവാക്കൾ മൊബൈലിൽ പകർത്തിയ ആക്രമണ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്ന അതിരപ്പിള്ളി - മലക്കപ്പാറ മേഖലയിൽ വനംവകുപ്പ് പെട്രോളിങ് ശക്തമാക്കണം എന്നാണ് നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യം.