തൃശൂർ വടക്കാഞ്ചേരിയിൽ മന്ത്രി കെ രാധാകൃഷ്ണന്റെ വാഹനമിടിച്ച് ഇരുചക്രവാഹനയാത്രികന് പരിക്ക്. തൃശൂർ വെളപ്പായ സ്വദേശി രാമകൃഷ്ണപിള്ളക്ക് (72) ആണ് പരിക്കേറ്റത്. രാവിലെ 9.30 ഓടെ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ചേലക്കരയിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്നു മന്ത്രിയുടെ വാഹനം.
റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു സ്കൂട്ടർ യാത്രികനായ രാമകൃഷ്ണപിള്ള. ഇതിനിടയിൽ മന്ത്രിയുടെ വാഹനം സ്കൂട്ടറിൽ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട് രാമകൃഷ്ണപിള്ള താഴെ വീണു. ഉടൻ തന്നെ മന്ത്രിയും വാഹനത്തിൽ നിന്നിറങ്ങി. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ചേർന്ന് രാമകൃഷ്ണപിള്ളയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാമകൃഷ്ണപിള്ളയുടെ പരിക്ക് സാരമുള്ളതല്ല. മന്ത്രി പിന്നീട് യാത്ര തുടർന്നു.