വയനാടിന് വേണ്ടി നാടൊരുമിക്കുമ്പോൾ ഇടുക്കിയിലെ ഒരു സ്വകാര്യ ബസ് ഉടമ തന്റെ എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷൻ ആണ് ദുരിതാശ്വാസത്തിനായി മാറ്റി വയ്ക്കുന്നത്. തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന എഎസ്കെ ട്രാൻസ്പോർട്ടിന്‍റെ മാനേജ്‌മെന്റും തൊഴിലാളികളുമാണ് ദുരിത ബാധിതർക്കായി സഹായ ഹസ്തം നൽകുന്നത്.
കേരളത്തെ ഞെട്ടിച്ച ദുരന്തമേഖലകളിൽ സഹായമെത്തിച്ച് മുൻപും മാതൃകയായവരാണ് തൊടുപുഴ കേന്ദ്രമായി സ്വകാര്യ ബസ് സർവീസ് നടത്തുന്ന എ എസ് കെ ഗ്രൂപ്പ്.
തൊടുപുഴയിൽനിന്നു പെരിങ്ങാശേരി, അമയപ്ര, ചെപ്പുകുളം, മേഖലകളിലേക്ക് സർവീസ് നടത്തുന്ന എഎസ്കെ ഗ്രൂപ്പിന്റെ എട്ട് ബസുകളുടെ മൂന്നു ദിവസത്തെ കളക്‌ഷനാണ് ദുരിതാശ്വാസത്തിനായി നൽകുന്നത്.
ദിവസേന എട്ടു ബസുകളിൽനിന്ന് അരലക്ഷത്തോളം രൂപയാണ് ഇന്ധനം ഉൾപ്പെടെയുള്ള ചെലവു കിഴിച്ച് ലഭിച്ചിരുന്നത്. ബസ് ജീവനക്കാർ തങ്ങളുടെ വേതനം ഉപേക്ഷിച്ച് യാത്രക്കാരിൽനിന്നു ധനസമാഹരണം നടത്തുന്നു.
ബസ് ജീവനക്കാർ കൊണ്ടുവരുന്ന ബക്കറ്റുകളിൽ യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ഭക്ഷണാവശ്യത്തിനുള്ള പണം പോലും ഇതിൽനിന്നെടുക്കരുതെന്ന് ബസുടമകൾ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ടിക്കറ്റ് നൽകാതെ ബക്കറ്റുമായി ജീവനക്കാർ യാത്രക്കാർക്കരികിലെത്തുമ്പോൾ യാത്രക്കാരും തങ്ങളാൽ കഴിയും വിധം ഈ ഉദ്യമത്തിൽ പങ്കുചേരുന്നുണ്ട്. ധനസമാഹരണത്തിനു പുറമേ ദുരിത മേഖലകളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവർ സമാഹരിക്കുന്നുണ്ട്.ലഭിക്കുന്ന തുകയും മറ്റ് സാധനങ്ങളും ദുരിതബാധിതമേഖലയിലെത്തിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുവാനാണ് തീരുമാനം.
2018-ലെ പ്രളയകാലത്തും ധന സഹായമെത്തിച്ചതിനു പുറമേ വീടുകൾ വൃത്തിയാക്കാൻ വാഹനങ്ങളും ജീവനക്കാരെയും എ എസ് കെ ഗ്രൂപ്പ് വിട്ടുനൽകി. കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും ദുരിത ബാധിത മേഖലയിൽ ഇവർ സഹായമെത്തിച്ചിരുന്നു.