കണ്ണിനും മനസ്സിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. ഇടുക്കി അടിമാലി കുമളി ദേശീയപാത വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നയന മനോഹര കാഴ്ച്ചയാണ് പൂവിട്ട കുടപ്പനകള്‍ സമ്മാനിക്കുന്നത്.
അടിമാലി കുമളി ദേശിയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടി പാംബ്ല റോഡിന് എതിര്‍ വശത്ത് മുതിരപ്പുഴ ആറിന് തീരത്താണ് പനംകുട്ടി ഗ്രാമം. കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായ ഇവിടം കുടപ്പനകള്‍ കൊണ്ട് ശ്രദ്ധ നേടിയതോടെയാണ് പനംകുട്ടി എന്ന പേര് ലഭിച്ചതെന്നാണ് വാമൊഴി.
പനംകുട്ടിയിലിപ്പോള്‍ കുടപ്പനകളുടെ വസന്തകാലമാണ്.ഈ മേഖലയിലെ നിരവധി കുടപ്പനകളാണ് കൂട്ടത്തോടെ പൂവിട്ട് പൂങ്കുലകളാല്‍ സമൃദ്ധമായിട്ടുള്ളത്.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കുടപ്പനകള്‍ പൂക്കുന്നത്.പൂവിടുന്നതോടെ പനയുടെ ആയുസ് അവസാനിക്കും. കുടിയേറ്റ കാലത്ത് പുര മേയുന്നതിന് കൂടുതലായി ഉപയോഗിച്ചിരുന്നത് കുടപ്പനയുടെ ഓലകളാണ്.താളിയോല ഗ്രന്ഥങ്ങള്‍ക്കും, ആശാന്‍ കളരിയില്‍ കുരുന്നുകള്‍ക്ക് അക്ഷരം എഴുതി നല്‍കുന്നതിനും കുടപ്പനകളുടെ ഓലയാണ് ഉപയോഗിച്ചിരുന്നത്.
കാലം മാറിയതോടെ ഓലമേഞ്ഞ പുരകള്‍ക്കു പകരം ഓട്, കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാനം പിടിച്ചപ്പോള്‍ കുടപ്പന ഓലകള്‍ക്കുണ്ടായിരുന്ന പ്രസക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പഴമയുടെ ഗൃഹാതുരത്വം ഓര്‍മിപ്പിക്കുന്നതിനും ഓലക്കുടകള്‍ക്കും മറ്റും ഇപ്പോഴും ഇവ ഉപയോഗിച്ചു വരുന്നുണ്ട്.ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ശാസ്ത്രീയ നാമം കോറിഫ എന്നാണ്.