കുന്നംകുളം പടിഞ്ഞാറങ്ങാടിയിൽ 30 വർഷം പഴക്കമുള്ള 400 ഓളം ലിറ്റർ ആയുർവേദ മരുന്നുകൾ കുഴിച്ചുമൂടി. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
നിരവധിയാളുകൾ തിങ്ങിപാർക്കുന്ന കുന്നംകുളം പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് 30 വർഷത്തിലധികം പഴക്കമുള്ള ആയുർവേദ അരിഷ്ടം ഉൾപ്പെടെയുള്ള മരുന്നുകൾ കുഴിച്ചുമൂടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
നാട്ടുകാർ എത്തുമ്പോഴേക്കും ആയുർവേദ മരുന്നുകൾ പൂർണമായി കുഴിച്ചുമൂടി. കഴിഞ്ഞദിവസം 500,1000 ലിറ്റർ ടാങ്കുകളിലായി സൂക്ഷിച്ച ആയുർവേദ മരുന്നുകൾ ഉപയോഗശൂന്യമായ കിണറ്റിൽ ഒഴിച്ചു കളഞ്ഞിരുന്നു. ഇതേത്തുടർന്ന നാട്ടുകാർ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചതോടെ നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ബാക്കിയുള്ള മരുന്നുകൾ ഇത്തരത്തിൽ കുഴിച്ചു മൂടരുതെന്ന് താക്കീത് നൽകിയിരുന്നു.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ 25 ലിറ്ററിന്റെ കന്നാസുകളിലായി സൂക്ഷിച്ച 400 ലിറ്ററോളം ആയുർവേദ മരുന്നുകൾ ആളൊഴിഞ്ഞ പറമ്പിൽ വലിയ കുഴിയെടുത്ത് ഇതിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചു.
നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. ശേഖരൻ സെക്രട്ടറി കെ ബി വിശ്വനാഥൻ, വാർഡ് കൗൺസിലർ മിനിമമോൻസി,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.രഞ്ജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എംഎസ് ഷീബ, എസ് രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോൺ അറിയിച്ചു.