ചികിത്സക്കായി സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ നിയമനങ്ങള്‍ കൃത്യമായി നടക്കാത്തത് പലപ്പോഴും പ്രതിസന്ധിയില്‍ ആകാറുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലെ സാഹചര്യം ഇതിന് ഉദാഹരണമാണ്.
അത്യാഹിത വിഭാഗം, ന്യൂറോളജി, ഓങ്കോളജി തുടങ്ങിയ വകുപ്പുകളിലാണ് തസ്തിക ഇല്ലാത്തതിനാല്‍ സ്ഥിര നിയമനം സാധ്യമാകാത്തത്. വിവരാവകശ രേഖയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആകെയുള്ളത് 26 ആരോഗ്യ വിഭാഗങ്ങള്‍. അതില്‍ ഡോക്ടര്‍മാരുടെ തസ്തിക 66. ഇപ്പോളും ഒഴിഞ്ഞ് കിടക്കുന്നത് ഏഴ് തസ്തികകള്‍.
ജനറല്‍ സര്‍ജറിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഉള്‍പ്പെടെയുള്ളത് 3 ഒഴിവുകളാണ്. ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ഡെന്റല്‍, അനസ്‌തേഷ്യ വിഭാഗങ്ങളില്‍ ഓരോ ഒഴിവുകള്‍. ഭൂരിഭാഗം തസ്തികകളിലും ആളില്ലാതായത് 2023 മുതല്‍.
റിട്ടയര്‍മെന്റ് കാരണം ഉണ്ടായിരിക്കുന്ന ഒഴിവുകളാണ് മിക്കതും. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളില്‍ ആകെ ഓരോ തസ്തകകള്‍ മാത്രമാണ് ഉള്ളത്.
ഓങ്കോളജി, അത്യാഹിത വിഭാഗം, ന്യൂറോ സര്‍ജറി, പെയ്ന്‍ ആന്റ് പാലിയേറ്റീവ്, യൂറോളജി, കാര്‍ഡിയോ തൊറാസിക് വാസ്‌കുലാര്‍ സര്‍ജറി എന്നീ 6 വകുപ്പുകളില്‍ സ്ഥിരം ഡോക്ടര്‍ തസ്തിക പോലും ഇല്ല .
എറണാകുളത്തെ മാത്രമല്ല, സമീപ ജില്ലകളില്‍ നിന്നും സാധാരണക്കാര്‍ ആശ്രയിക്കുന്ന ഇടമാണ് ജനറല്‍ ആശുപത്രി എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.