കോടികള്‍ മുടക്കി നവീകരിച്ച റോഡില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടതോടെ ദുരിതത്തിലായി ജനങ്ങള്‍. തലശ്ശേരി- മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ ഇരിട്ടി - മട്ടന്നൂര്‍ റോഡാണ് ജനങ്ങള്‍ക്ക് ദുരിത യാത്ര സമ്മാനിക്കുന്നത്.
ഒരു മാസം മുന്‍പാണ് കണ്ണൂര്‍ ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ വലിയ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ എത്തി ക്വാറി മാലിന്യം ഉപയോഗിച്ച് കുഴി അടച്ചത്. എന്നാല്‍ ഇതേ സ്ഥലത്ത് തന്നെ വീണ്ടും കുഴി രൂപപ്പെട്ടതോടെ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങളും യാത്രക്കാരും.
കുഴിയില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നതും ഇവിടെ പതിവാണ്. വാഹനങ്ങള്‍ വേഗത്തില്‍ കടന്നുപോകുന്ന റോഡിയായ ചെറിയ കുന്നിന് മുകളിലാണ് ഇത്തരത്തില്‍ കുഴി രൂപപ്പെട്ടിട്ടുള്ളത്.
കുഴി ശ്രദ്ധയില്‍പ്പെടാത്ത ഡ്രൈവര്‍മാര്‍ കുഴിയുടെ അടുത്തെത്തുമ്പോള്‍ കുഴിയില്‍ വീഴാതിരിക്കാനായി വണ്ടി വെട്ടിക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അധികൃതര്‍ ഇടപെട്ട് അറ്റകുറ്റപ്രവര്‍ത്തികള്‍ നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.