ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്ത്തി ആലപ്പുഴ പുന്നമട കായലില്‍ തലവടി ചുണ്ടന്‍ന്റെ പ്രദര്‍ശന തുഴച്ചില്‍. നെഹ്‌റു ട്രോഫി വള്ളംകളി അരങ്ങേറുന്ന പുന്നമട കായലില്‍ ജലരാജാവാകാന്‍ തലവടി ചുണ്ടന്‍ ഒരുങ്ങി.
പുന്നമടയുടെ ജലരാജാവാകാനൊത്ത ഗാംഭീര്യമുണ്ടായിരുന്നു തലവടിച്ചുണ്ടന്റെ പ്രദര്‍ശനത്തുഴച്ചിലിന്. തലവടി യു.ബി.സിയുടെ നേതൃത്വത്തിന്‍ നടന്ന പ്രദര്‍ശന തുഴയില്‍ പ്രവാസ വ്യവസായി ചെയര്‍മാന്‍ റെജി ചെറിയാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ക്യാപ്റ്റന്‍ പത്മകുമാര്‍ പുത്തന്‍പറമ്പില്‍ ആദ്യ വിസില്‍ അടിച്ചതോടെ പുന്നമടയെ പുളകിതയാക്കി തലവടി ചുണ്ടന്‍ ഓളപ്പരപ്പുകള്‍ കീറിമുറിച്ച് മുന്നേറി.
2022 ഏപ്രില്‍ 14 നാണ് തലവടി ചുണ്ടനായി 120 വര്‍ഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയില്‍ എത്തിച്ച് കോയില്‍മുക്ക് സാബു നാരായണന്‍ ആചാരിയുടെ നേതൃത്വത്തില്‍ ഉളികുത്ത് കര്‍മ്മം നടന്നത്.
127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉള്‍താഴ്ചയും 83 തുഴച്ചില്‍ക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉള്‍പ്പെടെ 97 പേര്‍ക്ക് കയറുവാന്‍ സാധിക്കുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടനയെന്ന് ടിടിബിസി മീഡിയ വിഭാഗം കണ്‍വീനര്‍മാരായ അജിത്ത് പിഷാരത്ത്, ഡോ ജോണ്‍സണ്‍ വി.ഇടിക്കുള എന്നിവര്‍ പറഞ്ഞു.
തലവടി ചുണ്ടന്‍ ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന്‍, തലവടി ചുണ്ടന്‍ ഫാന്‍സ് അസോസിയേഷന്‍ എന്നിവരുടെ കൂട്ടായ സഹകരണത്തിലാണ് മത്സരത്തിന് തയ്യാറെടുക്കുന്നത്. പ്രദര്‍ശന തുഴച്ചിലിന് തലവടി ചുണ്ടന്‍ സമിതി സെക്രട്ടറി റിക്സണ്‍ ഉമ്മന്‍ എടത്തില്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജോമോന്‍ ചാക്കാലയില്‍, ട്രഷറര്‍ അരുണ്‍ കുമാര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് , യു.ബി.സി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.