കോളനി എന്ന പദം വ്യവഹാരങ്ങളില്‍ നിന്നും ഒഴിവാക്കി നഗര്‍ എന്ന് പുന്‍ നാമകരണം ചെയ്തതിനെ ഇരുകൈയ്യും നീട്ടിയാണ് പൊതുസമൂഹം സ്വീകരിച്ചത്. എന്നാല്‍ പേരുമാറിയതല്ലാതെ ഇവിടങ്ങളിലെ ജീവിതങ്ങള്‍ക്ക് ഒരുമാറ്റവും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.
ചെങ്ങന്നൂര്‍ വലിയപറമ്പിലെ വലിയപറമ്പിലെ 72 കുടുംബങ്ങളുടെ നരക ജീവിതം ഇത് ശരിവെക്കുന്നുമുണ്ട്. പേരു മാത്രം മാറിയാല്‍ മതിയോ ,ജീവിതവും മാറണ്ടേ എന്നാണ് ഇവരുടെ ചോദ്യം.
ആകെയുള്ളത് മൂന്നു സെന്റ് സ്ഥലം,വിണ്ടു കീറിയ ഭിത്തികള്‍,ടാര്‍പോളിന്‍ വലിച്ചു കെട്ടിയ മേല്‍ക്കൂര,മഴവെള്ളം ഒലിച്ചിറങ്ങുന്ന മുറികള്‍, മുളക്കുഴ വലിയപറമ്പിലെ കുടുംബങ്ങളുടെത് തണുത്ത് വിറച്ച ജീവിതമാണ്
ആകെയുള്ളത് 72 കുടുംബങ്ങളാണ്.ഇതില്‍ 58 കുടുംബങ്ങളും എസ്.സി. വിഭാഗത്തില്‍പ്പെട്ടത്. നാല്പതിലധികം വീടുകളും ഇടിഞ്ഞു വീഴാറായി. മറ്റുള്ള വീടുകളുടെ അവസ്ഥയും പരിതാപകരം. എസ്.സി. കുടുംബങ്ങള്‍ കൂടുതലായി താമസിക്കുന്നയിടങ്ങളുടെ പേരിനൊപ്പമുള്ള 'കോളനി ' എന്ന പദം ഒഴിവാക്കിയെങ്കിലും അവരുടെ സ്വപ്നം വാസയോഗ്യമായ വീടുകളാണ്.
അംബേദ്കര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു കോടി ഇവര്‍ക്ക് അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പോയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. സിമന്റ് തേയ്ക്കാനും അറ്റകുറ്റപ്പണികള്‍ക്കുമായി 50,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിരിക്കുന്നത്.
എന്നാല്‍ ഇടിഞ്ഞു വീഴാറായ വീടുകള്‍ക്ക് ഈ തുക എന്താകാനാണെന്ന് ഇവര്‍ ചോദിക്കുന്നു. മഴക്കാലം ശക്തമായതോടെ ഇടിഞ്ഞുവീഴാറായ വീടുകളിലെ താമസവും ഭയപ്പാടോടുകൂടിത്തന്നെ.