തിരുവനന്തപുരം: കനത്ത മഴയത്ത് ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തിൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി. മഴ കനത്തിട്ടും റാലി നിർത്തിവെക്കാൻ അധികൃതർ കൂട്ടാക്കിയില്ല. 1500 ഓളം കുട്ടികളാണ് റാലിയുടെ ഭാഗമായി പങ്കെടുത്തത്.നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്. നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച റാലി ബോയ്സ് സ്കൂൾ വരെ ഉണ്ടായിരുന്നു. രാവിലെ നടത്തുന്നതിന് പകരം വെെകീട്ട് റാലി നടത്തിയതിലും വിമർശനം ഉയരുന്നുണ്ട്.
രാവിലെ റാലി നടത്താമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു എന്നാണ് ആക്ഷേപം. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായി സമയത്ത് റാലി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി.