കണ്ണൂർ: ഉത്തരമെഴുതേണ്ട പേപ്പർ മേശപ്പുറത്തെത്തിയിട്ടും ചോദ്യപേപ്പർ ലഭിക്കാതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മുടങ്ങി. ഇന്ന് നടക്കേണ്ടിയിരുന്ന നാലുവർഷ ബിരുദ കോഴ്സിന്‍റെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യപേപ്പറാണ് പരീക്ഷാഹാളിൽ എത്തിക്കാതിരുന്നത്. വിദ്യാർഥികൾ ഒരു മണിക്കൂർ കാത്തിരുന്നിട്ടും ചോദ്യപേപ്പർ കിട്ടായതായതോടെ പരീക്ഷ മാറ്റിവെച്ചു. മുടങ്ങിയ പരീക്ഷ മേയ് അഞ്ചിന് നടക്കുമെന്ന് സർവകലാശാല അറിയിച്ചു.ഇന്ന് രാവിലെ നടക്കേണ്ട പരീക്ഷക്കാണ് കേട്ടുകേൾവിയില്ലാത്ത സാഹചര്യമുണ്ടായത്.
പരീക്ഷാഭവനിൽ ചോദ്യപേപ്പർ ഇല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഇമെയിലായി ചോദ്യപേപ്പർ കോളജുകളിൽ എത്തിക്കുകയും പ്രിന്റെടുത്ത് വിദ്യാർഥികൾക്ക് നൽകുകയുമാണ് കണ്ണൂർ സർവകലാശാലയിലെ രീതി. പരീക്ഷ സമയമായിട്ടും ചോദ്യപേപ്പർ ചോദിച്ച് സർവകലാശാലയിലേക്ക് ഫോൺവിളികളുടെ പ്രവാഹമായിരുന്നു. ഉടൻ അയക്കുമെന്ന മറുപടിയിൽ പ്രതീക്ഷയർപ്പിച്ച് അധ്യാപകരും വിദ്യാർഥികളും കാത്തിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞശേഷം പരീക്ഷ മാറ്റിയതായുള്ള അറിയിപ്പ് കോളജുകൾക്ക് ലഭിച്ചു.ചോദ്യബാങ്കിൽനിന്ന് ചോദ്യപേപ്പർ എടുക്കാൻ കഴിഞ്ഞില്ലെന്നും സാങ്കേതിക പ്രശ്നമാണ് പരീക്ഷ മുടങ്ങുന്നതിന് കാരണമായതെന്നും പരീക്ഷാഭവൻ അധികൃതർ പ്രതികരിച്ചു.
പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ചോദ്യങ്ങൾ വാട്സ് ആപ്പിലൂടെ പുറത്തുവന്ന സംഭവം നടന്ന് ദിവസങ്ങൾക്കകമാണ് കണ്ണൂർ സർവകലാശാലയിൽ പുതിയ സംഭവം. കാസർകോട് പാലക്കുന്ന് കോളജിലായിരുന്നു ചോദ്യങ്ങൾ വാട്ട്സ് ആപ്പിൽ പ്രചരിച്ചിരുന്നത്.