Share this Article
image
ജസ്ന എവിടെ? എന്ത് സംഭവിച്ചു? ചോദ്യം മാത്രം ബാക്കി; അന്വേഷണം അവസാനിപ്പിച്ച് CBI
 Jasna Case ; CBI closes investigation

ജസ്‌ന എവിടെയെന്നുള്ള ചോദ്യം ഇന്നും ബാക്കി. അന്വേഷണം അവസാനിപ്പിച്ച് സിബിഐയും മടങ്ങി. ജസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് സിബിഐക്കും കണ്ടെത്താനായില്ല. 2018 മാര്‍ച്ചില്‍ വീട്ടില്‍ നിന്നിറങ്ങിയ ജസ്‌നയെ എരുമേലിയില്‍ നിന്നാണ് കാണാതാകുന്നത്.

ഓരോ തെളിവുകളും സൂചനകളും പുറത്തുവരുമ്പോള്‍ ജസ്‌ന എവിടെയോ കാണാമറയത്ത് ഉണ്ടെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍, സിബിഐയും അന്വേഷണം അവസാനിപ്പിച്ചു മടങ്ങി.  ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജെസ്‌ന തിരോധാനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.  അന്വേഷണത്തില്‍ വഴിത്തിരിവ് ആയേക്കാവുന്ന മൊഴി സിബിഐക്കു ലഭിച്ചപ്പോള്‍ തിരോധാനത്തിനു തുമ്പുണ്ടാകുമെന്ന പ്രതീക്ഷ വീണ്ടും തലപൊക്കി.

അന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു പോക്സോ തടവുകാരനാണു ജസ്ന കേസില്‍ സി ബി ഐക്ക് നിര്‍ണായക മൊഴി നല്‍കിയത്. സെല്ലില്‍ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജെസ്ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്നു തന്നോടത് പറഞ്ഞുവെന്നുമാണ് മൊഴി. എന്നാല്‍ എല്ലാം വിഫലം. ഒരു തുമ്പും എങ്ങും എത്തിയില്ല. ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസ് സിബിഐക്ക് കൈമാറാന്‍ 2021 ഫെബ്രൂവരിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. സി ബി ഐ അന്വേഷണം ഏറ്റെടുത്തതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ജസ്നയുടെ ബന്ധുക്കളും നാട്ടുകാരും. 2018 മാര്‍ച്ച 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയില്‍ നിന്നു കാണതാകുന്നത്. 

പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ ജസ്‌ന പുസ്തകങ്ങളൊന്നും എടുക്കാതെയാണ് പോയത്. വീട്ടില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയില്‍ നിന്ന് ബസ് കയറി മുണ്ടക്കയത്തേക്ക്. ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ ജസ്ന എത്തിയത്. അവിടെ നിന്ന് എരുമേലി വഴി പോകുന്ന ബസില്‍ ജസ്‌ന കയറിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിന്നീട് ജസ്‌നയെ ആരും കണ്ടിട്ടില്ല. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജസ്‌നയുടേത്. അടുത്ത സുഹൃത്തുക്കളും കുറവായിരുന്നു. പ്രണയമോ മറ്റ് സൗഹൃദങ്ങളോ ഇല്ലായിരുന്നു. ജസ്നയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും മൊബൈല്‍ ഫോണിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനുമായില്ല. ജസ്നയെ അപായപ്പെടുത്തി കുഴിച്ചുമൂടിയെന്ന അഭ്യൂഹത്തെ തുടര്‍ന്നു പലയിടങ്ങളിലും പരിശോധന നടത്തി. ബംഗളുരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തി. എവിടെയും ജസ്‌നയെ കണ്ടെത്താനായില്ല. ജസ്‌നയ്ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം ഇന്നും ബാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories