തിരുവല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഷഹാനയുടെ മരണത്തിൽ പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കടയ്ക്കൽ സ്‌റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്‌പെൻഡ് ചെയ്തത്. നവാസ് പ്രതികൾക്ക് പോലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകിയെന്ന് തിരുവല്ലം സിഐ കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഷഹനയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് നൗഫലിനെയും ഭർതൃമാതാവിനെയും രക്ഷപ്പെടുത്താൻ കടയ്ക്കൽ സ്‌റ്റേഷനിലെ സിപിഒ നവാസ് വിവരങ്ങൾ ചോർത്തിനൽകിയെന്നാണ് വിവരം. നൗഫലിന്റെ സഹോദരന്റെ ഭാര്യയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരും പോലീസ് നീക്കം മനസ്സിലാക്കിയതോടെ മറ്റൊരിടത്തേക്ക് ഒളിവിൽ പോയി. അതോടെ പൊലീസിന് പ്രതികളെ കണ്ടെത്താൻ കഴിയാതെയായി. സിപിഒ നവാസ് ആണ് പ്രതികളെ സഹായിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിൽ അന്വേഷണ ചുമതലയുള്ള തിരുവല്ലം സിഐ കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
നവാസിനെതിരെ നടപടി വേണമെന്ന് തിരുവല്ലം സിഐ ശുപാർശ ചെയ്തതിന് പിന്നാലെയാണ് സിപിഒ നവാസിനെ സസ്‌പെൻഡ് ചെയ്തത്. ഒളിവിൽ തുടരുന്ന നൗഫലും മാതാവും പോലീസ് പിടിയിൽ ആകാത്തതിന് കാരണം നവാസ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതികൾ ഇപ്പോൾ കേരളത്തിന് പുറത്താണുള്ളത് എന്നാണ് പൊലീസ് നിഗമനം. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സഹായം ചെയ്‌തെന്ന് ഷഹനയുടെ കുടുംബവും ആരോപിച്ചിരുന്നു.