പമ്പയില്‍ കെഎസ്ആര്‍ടിസി ബസ്സിന് വീണ്ടും തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ഹില്‍ വ്യൂവില്‍ നിന്നും ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്ക് ഇല്ല.
ബസിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ജനുവരി ആറിനും സമാനരീതിയില്‍ സ്ഥലത്ത് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചിരുന്നു.പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ലോ ഫ്‌ലോര്‍ ബസിനാണ് അന്ന് തീപിടിത്തമുണ്ടായത്.
അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് അന്ന് വിലയിരുത്തിയിരുന്നത്. ഒരേ കമ്പനികളുടെ വാഹനങ്ങള്‍ക്കാണ് തീപിടുത്തങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ കമ്പനികളുടെ എല്ലാ വാഹനങ്ങള്‍ക്കും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയംപമ്പയില്‍ തുടര്‍ച്ചയായി കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് തീപിടിത്തമുണ്ടാകുന്നത് ഭക്തര്‍ക്കിടയില്‍ ആശങ്ക ഉളവാക്കുന്നുണ്ട്.