ഇടുക്കിയിലെ മാതൃകാ കര്‍ഷകനായ കൃഷ്ണന്‍ കണ്ടമംഗലത്തിന്റെ കൃഷിയിടം ഇപ്പോള്‍ സമൃദ്ധമായ വിളനിലം മാത്രമമല്ല, ഒരു കാര്‍ഷിക സര്‍വ്വകലാശാലകൂടിയാണ്. 96 ഇനം പച്ചക്കറികളാണ് കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷക്കാലമായി രാജാക്കാട് സ്വദേശിയായ ഈ കര്‍ഷകന്‍ നട്ട് പരിപാലിക്കുന്നത്.
ഏതെങ്കിലുമൊരു കൃഷി മാത്രം നടത്തിയാല്‍ അത് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് കൃഷ്ണനെ വ്യത്യസ്ഥമായ കൃഷി രീതിയിലേക്ക് നയിച്ചത്. കപ്പയും വാഴയും പാവലും പരിപാലിക്കുന്നതിനൊപ്പം ഇടവിളയായി 96 ഇനം പച്ചക്കറികളും സമൃദ്ധമായി നട്ടു പരിപാലിക്കുന്നു. കൃഷി പരിപാലനത്തിനും ചിലവിനുമുള്ള പണം ഇടവിളയില്‍ നിന്നും ലഭിക്കും. അതുകൊണ്ട് തന്നെ വിലയിടിവ് നേരിടുന്ന സമയത്തും ഇദ്ദേഹത്തിന് കൃഷി ലാഭകരമാണെന്നാണ് പറയുന്നത്.
നെല്‍കൃഷി നഷ്ടത്തിലേയ്ക്ക് കൂപ്പ് കുത്തിയതോടെയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ പാടശേഖരങ്ങളില്‍ കപ്പയും വാഴയും ഉള്‍പ്പടെയുള്ള വിളകള്‍ നട്ട് പരിപാലിക്കാന്‍ തുടങ്ങിയത്. വാഴ കൃഷിയിടത്തില്‍ കൂര്‍ക്ക, മധുരക്കിഴങ്ങ്, എള്ള്, കടുക്, എന്നിവയാണ് ഇടംപിടിച്ചിരിക്കുന്നതെങ്കില്‍ പാവല്‍ തോട്ടത്തില്‍ സമൃദ്ധമായി വിളയുന്നത് കാബേജും, ക്യാരറ്റും, തക്കാളിയുമൊക്കെയാണ്. ഒപ്പം ജമന്തിയും സൂര്യകാന്തി കൃഷിയും പാവല്‍ തോട്ടത്തില്‍ സജീവമാണ്.
ഇടുക്കി ജില്ലയിലെ വട്ടവട, മറയൂര്‍ കാന്തല്ലൂര്‍ പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ ശീതകാല പച്ചക്കറി കൃഷി ഇത്രയും വിപുലമായി നടത്തുന്ന ജില്ലയിലെ ഏക കര്‍ഷകന്‍ കൂടിയാണ് കൃഷ്ണന്‍ കണ്ടമംഗലം. കൃഷ്ണന് പിന്തുണയുമായി ഭാര്യ രാധയും ഒപ്പമുണ്ട്. രാവിലെ ആറുമണിക്ക് കൃഷിയിടത്തിലെത്തിയാല്‍ വൈകിട്ട് ആറുമണിക്കാണ് മടക്കം. വിഷരഹിത പച്ചക്കറികള്‍ വിളയിച്ച് നാടിന്റെ അഭിമാനമായി മാറിയ കൃഷ്ണനെ തേടി മികച്ച കര്‍ഷകനുള്ള നിരവധി അവാര്‍ഡുകളും എത്തിയിട്ടുണ്ട്.