കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിക്കാനൊരുങ്ങുന്നു. അടുത്ത അധ്യയന വര്‍ഷം മുതലാണ് പരിഷ്‌കാരം പ്രാബല്യത്തിലാക്കുക. പാഠഭാഗങ്ങളുടെ ക്ലാസ് റൂം ട്രൈ ഔട്ടുകള്‍ കാസറഗോട്ട് ആരംഭിച്ചു. പുതിയ കാലത്തിനൊപ്പം പഠിച്ചു മുന്നേറുക എന്ന ലക്ഷ്യത്തോടെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പുസ്തകങ്ങളാണ് പരിഷ്‌ക്കരിക്കുന്നത്.
ഒന്നാം ക്ലാസ് പാഠപുസ്തകങ്ങളുടെ സംസ്ഥാന തല ട്രൈ ഔട്ട് ക്ലാസുകള്‍ കാസര്‍ഗോഡ് ജില്ലയിലെ പാടിക്കീല്‍ ഗവ.യു പി സ്‌കൂള്‍, ജി ഡബ്ല്യു യു പി എസ് ചെറുവത്തൂര്‍ എന്നിവിടങ്ങളിലാണ് നടന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതി യുടെ നേതൃത്വത്തിലാണ് പാഠപുസ്തകങ്ങള്‍ തയാറാക്കുന്നത്.
പാഠഭാഗങ്ങളുടെ ക്ലാസ് റൂം വിനിമയ ഫലപ്രാപ്തി വിലയിരുത്തുന്നതിനാണ് ട്രൈ ഔട്ട് ക്ലാസുകള്‍. ഒന്നാം തരത്തിലെ പുസ്തകങ്ങളായതിനാല്‍ പ്രീ സ്‌കൂളുകളിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ട്രൈയൗട്ടിനു ശേഷം ആവശ്യമായ ഭേദഗതികള്‍ സ്വീകരിച്ച് മെച്ചപ്പെടുത്തും. പാഠപുസ്തക രചന ശില്‍പശാലയിലെ എഴുത്തുകാരാണ് ട്രൈ ഔട്ട് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.