അനാവശ്യ ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ കാരണം വലിയ തുക നഷ്ടം സംഭവിച്ചതായി കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്ടറുടെ ആരോപണം. കാക്കനാട് പടമുകളില്‍ ആണ് പൈലിംഗ് ജോലികള്‍ നടത്തിയ എറണാകുളം സ്വദേശി ബിജുവിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടായത്. ട്രേഡ് യൂണിയനുകളുടെ നടപടികള്‍ക്കെതിരെ വിവിധ മന്ത്രിമാര്‍ക്ക് പരാതി നല്‍കാനാണ് ബിജുവിന്റെ തീരുമാനം.
കഴിഞ്ഞ 21 ദിവസം കൊണ്ടാണ് കോണ്‍ട്രാക്ടറായ ബിജു പടമുകളില്‍ കെട്ടിട നിര്‍മ്മാണത്തിന് മുന്നോടിയായുള്ള പൈലിംഗ് ജോലികള്‍ തീര്‍ത്തത്. യൂണിയന്‍ സൈറ്റ് ആയതു കൊണ്ട് തന്നെ പണി തുടങ്ങുന്നതിന് മുന്‍പു തന്നെ സ്ഥലത്തെ ട്രേഡ് യൂണിയന്‍ ഓഫീസുകളില്‍ എത്തി വിവരം അവതരിപ്പിച്ചിരുന്നു. 4 പേര്‍ മതി എന്ന് പറഞ്ഞിരുന്നെങ്കിലും 10 പേരെയാണ് യൂണിയനുകള്‍ ജോലിയ്ക്കായി അയച്ചത്.
ബിജുവിന്റെ കീഴില്‍ ജോലി ചെയ്യുന്ന 6 പേരും 1 സൂപ്പര്‍വൈസറും ഉള്‍പ്പെടെ 17 പേര്‍ക്കാണ് കൂലി കൊടുക്കേണ്ടി വന്നത്. റോട്ടറി പൈയ്‌ലിംഗ് ആയിരുന്ന ജോലി ഡിഎംസി പൈലിംഗ് ആണെന്ന് പറഞ്ഞ് യൂണിയന്‍ അംഗങ്ങള്‍ കൂടുതല്‍ പണം വാങ്ങി. ഉറപ്പുള്ള മണ്ണായതിനാല്‍ ജെസിബി ഉപയോഗിച്ചതാണ് ഇതിന് കാരണമായത്. ഡിഎംസി പൈലിംഗ് ജോലികള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും അവിടെ നടന്നിട്ടില്ലെന്ന് ബിജു പറയുന്നു.
ബിജുവിന് കീഴില്‍ പണിയെടുക്കുന്ന ആളുകള്‍ സാധാരണ 30 മീറ്റര്‍ പൈലിംഗ് ഒരു ദിവസം നടത്താറുണ്ട്. അങ്ങനെ ആണെങ്കില്‍ 15 ദിവസം കൊണ്ട് തീര്‍ക്കാവുന്ന ജോലികളെ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഏഴര മീറ്ററിന്റെ രണ്ട് പയലിംഗ് മാത്രമേ ഒരു ദിവസം യൂണിയന്‍ അംഗങ്ങള്‍ ചെയ്തുള്ളൂ. കൂടുതല്‍ ചെയ്യുന്നതിന് ഓരോരുത്തര്‍ക്കും 600 രൂപ അധികം നല്‍കണമായിരുന്നു. ഈ വകുപ്പിലും വലിയ നഷ്ടം വന്നു.
ഒരു ദിവസം മൂന്നര മുതല്‍ 4 മണിക്കൂര്‍ വരെയാണ് യൂണിയന്‍ അംഗങ്ങള്‍ ജോലി ചെയ്തത്. 6 ദിവസം ജോലി ചെയ്തവര്‍ക്ക് മാത്രമേ ഞായറാഴ്ചത്തെ കൂലി കൊടുക്കേണ്ടതുള്ളൂ. എന്നാല്‍ 5 ദിവസം കുറഞ്ഞ സമയം പണിയെടുത്തവര്‍ക്കും പണം കൊടുക്കേണ്ടി വന്നു. 1700 സ്‌ക്വയര്‍ഫീറ്റുള്ള കെട്ടിടം പണിയുന്നതിനാണ് ഇത്രയും നഷ്ടം സഹിക്കേണ്ടി വന്നത.് ബൈ ലോയില്‍ ഇത്തരം നിയമങ്ങള്‍ ഇല്ലെന്ന് ബിജു പറയുന്നു.